തിരൂര്‍: യുവ മാധ്യമ പ്രവര്‍ത്തകനും സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ എം ബഷീറിന്റെ ഓര്‍മ്മ ദിനം ആചരിച്ചു. കെ എം ബഷീര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വാണിയന്നൂര്‍ എഎംയുപി സ്‌കൂളില്‍ നടന്ന അനുസ്മരണ സംഗമം ചെയര്‍മാന്‍ മുഹമ്മദ് ബുഖാരിയുടെ അധ്യക്ഷതയില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ബഷീറിന്റെ സഹപ്രവര്‍ത്തകനുമായ കെ പി ഒ റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. നടന്നു പോയ വഴിയില്‍ ബഷീര്‍ വിതറിയ പൂക്കള്‍ ലോകത്തിന് മാതൃകയാണെന്നും കാലം കാത്തുവെച്ച സൗഭാഗ്യമായിരുന്നു ബഷീറെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രദീപ് പയ്യോളി ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മദ്യലഹരിയില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് 2019 ആഗസ്ത് 3ന് രാത്രി തിരുവനന്തപുരത്ത് ബഷീര്‍ മരിച്ചത്. കേസ് അനിശ്ചിതമായി നീണ്ടുപോകുന്നതിനാലുണ്ടാകുന്ന ആശങ്കകള്‍ പരിഹരിച്ച് കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും ബഷീറിന്റെ കുടംബത്തിന് നീതി ലഭിക്കുകയും വേണമെന്ന് അനുസ്മരണ സംഗമം ആവശ്യപ്പെട്ടു.
ബഷീറിന്റെ സഹോദരന്‍ അബ്ദുറഹ്മാന്‍ ഹാജി, ഫൗണ്ടേഷന്‍ കണ്‍വീനര്‍ ഡോ. മുഹമ്മദ് സലീം, സത്താര്‍, വാര്‍ഡ് മെമ്പര്‍ മന്‍സൂര്‍ മാസ്റ്റര്‍, ഇബ്‌റാഹീം ഹാജി, നജ്മുദ്ദീന്‍, സുനീര്‍ നേടിയോടത്ത്, സുബൈര്‍, ഫള്ല്‍ , ത്വാഹിര്‍ മേടമ്മല്‍, ഹാരിസ്, റഊഫ്, സലാം സംസാരിച്ചു.
കീം എന്‍ട്രന്‍സ് എക്‌സാം റാങ്ക് ജേതാവ് മുഹമ്മദ് അര്‍ഷദ്, 11.45 മണിക്കൂര്‍ തുടര്‍ച്ചയായി ഖുര്‍ആന്‍ മന:പാഠം പാരായണം ചെയ്ത് ഹിഫ്‌ള് പഠനം പൂര്‍ത്തിയാക്കിയ ഹാഫിള് മുഹമ്മദ് യാസീന്‍, മുഹമ്മദ് റിഷാദ് എന്നിവരെ ആദരിച്ചു. തിരൂര്‍ ട്രിനിറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്ര പരിശോധന, തിമിര നിര്‍ണ്ണയ ക്യാമ്പ് ജനറല്‍ മെഡിസിന്‍ സൗജന്യ പരിശോധന, ഷുഗര്‍, പ്രഷര്‍ ടെസ്റ്റ് എന്നിവ നടന്നു. ബഷീറിന്റെ സുഹൃത്തുക്കളായ ശമീര്‍, റഷീദ്,കരീം സംബന്ധിച്ചു.
