'കിന്‍ഫ്രയ്ക്ക് ആയിരം കോടിവരെ വായ്പയെടുക്കാന്‍ അനുമതി'; മന്ത്രി പി രാജീവ്
തിരുവനന്തപുരം: വ്യവസായ അടിസ്ഥാന സൗകര്യവികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനും മറ്റുമായി സ്വന്തം നിലയില്‍ ആയിരം കോടിവരെ വായ്പയെടുക്കാന്‍ കിന്‍ഫ്രയ്ക്ക് അനുമതി നല്‍കിയതായി വ്യവസായമന്ത്രി പി രാജീവ്. കിന്‍ഫ്ര ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.ഇതുവരെ കിഫ്ബി പോലുള്ള സാമ്പത്തിക സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് കിന്‍ഫ്ര ഭൂമി ഏറ്റെടുത്തിരുന്നത്. ഇനി മുതല്‍ 1000 കോടി രൂപവരെ കിന്‍ഫ്രയ്ക്ക് വായ്പയെടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് വ്യവസായങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനായിരിക്കും ഈ സൗകര്യം ആദ്യം ഉപയോഗിക്കുകയെന്ന് മന്ത്രി പറഞ്ഞു.
ഇടപ്പഴഞ്ഞിയില്‍ കിന്‍ഫ്ര വിലയ്ക്കു വാങ്ങിയ 22 സെന്റ് സ്ഥലത്താണ് ആസ്ഥാനമന്ദിരം ഉയരുന്നത്. കഴക്കൂട്ടം ഫിലിം ആന്‍ഡ് ഐടി പാര്‍ക്കില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ധാരണാപത്രവും ചടങ്ങില്‍ കൈമാറി. 1,77,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പ്ലഗ് ആന്‍ഡ് പ്ലേ ക്യാംപസ് മാതൃകയിലുള്ള പുതിയ കെട്ടിടമാണ് ടാറ്റ എല്‍ക്സിക്ക് കൈമാറുന്നത്. 2022ല്‍ പാര്‍ക്കില്‍ ടാറ്റ എല്‍ക്‌സിക്ക് രണ്ടുലക്ഷത്തിലധികം വിസ്തീര്‍ണമുള്ള കെട്ടിടം കൈമാറിയിരുന്നു. അന്ന് കമ്പനി ആവശ്യപ്പെട്ടതനുസരിച്ചാണ് സമീപത്തുതന്നെ പുതിയ കെട്ടിടം നിര്‍മിച്ചത്.
സംസ്ഥാനത്തേക്ക് ധാരാളംപേര്‍ നിക്ഷേപ വാഗ്ദാനവുമായി എത്തുന്നുണ്ട്. ഭൂമിയുടെ ലഭ്യതയുടെ പ്രശ്നമുണ്ട്. എന്നാല്‍ നിരവധി കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളുടെ ഭൂമി ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്. ഫാക്ട്, എച്ച്എംടി, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് തുടങ്ങിയവയൊക്കെ ഉദാഹരണം. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ സ്ഥലം കാടുപിടിച്ച് വനമായി. ഇത്തരം സ്ഥലങ്ങള്‍ സംസ്ഥാനസര്‍ക്കാരിന് കൈമാറിയാല്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറിയും കിന്‍ഫ്ര ചെയര്‍മാനുമായ ഡോ. ജയതിലക് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി പി വിഷ്ണുരാജ്, ടാറ്റ എല്‍ക്സി സിഎഫ്ഒ ഗൗരവ് ബജാജ്, കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് ചെയര്‍മാന്‍ ബേബി ഉഴുത്തുവാല്‍, കിന്‍ഫ്ര എക്‌സ്‌പോര്‍ട് പ്രമോഷന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ചെയര്‍മാന്‍ സാബു ജോര്‍ജ്, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, ജനറല്‍ മാനേജര്‍ ഡോ. ടി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

