കിം ജോങ് ഉന്നിന്റെ പിന്‍ഗാമിയായി പതിമൂന്നുകാരിയായ മകളെ പ്രഖ്യാപിച്ചതായി റിപോര്‍ട്ട്

ഈ മാസം അവസാനം നടക്കുന്ന ഉത്തരകൊറിയന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പിന്‍ഗാമിയെ കുറിച്ചുള്ള നിര്‍ണായ പ്രഖ്യാപനം ഉണ്ടായേക്കും

Update: 2026-02-12 15:29 GMT

സോള്‍: ഉത്തര കൊറിയന്‍ ഭരണാധിക്കാരി കിം ജോങ് ഉന്നിന്റെ മകള്‍ കിം ജൂ ഏയെ പിന്‍ഗാമിയായി പ്രഖ്യാപിച്ചെന്ന് റിപോര്‍ട്ട്. ദക്ഷിണ കൊറിയയുടെ ദേശീയ രഹസ്യാന്വേഷണ സംഘടനയായ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസാണ് കിം ജോങ് ഉന്നിന്റെ പിന്‍ഗാമിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഔദ്യോഗിക പരിപാടികളില്‍ പിതാവിനൊപ്പം സജീവ സാന്നിധ്യമായി മകള്‍ കിം ജൂ ഏ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. പിന്‍ഗാമിയാകുന്നതിന് മുന്നോടിയായുള്ള പരിശീലനഘട്ടത്തിലാണ് കിം ജൂ ഏ എന്നാണ് റിപോര്‍ട്ട്.

2022 നവംബറിലാണ് കിം ജോ ഏ ആദ്യമായി പൊതുവേദിയില്‍ എത്തിയത്. ദീര്‍ഘദൂര മിസൈല്‍ പരിക്ഷണ വേദിയിലായിരുന്നു കിം ജോ ഏ പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം ആയുധ വിക്ഷേപണങ്ങള്‍, സൈനിക പരേഡുകള്‍, ഫാക്ടറി സന്ദര്‍ശനങ്ങള്‍ തുടങ്ങിയ പരിപാടികളില്‍ കിം ജോ ഏ സാന്നിധ്യം അറിയിച്ചുരുന്നു. കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ വാര്‍ഷികാഘോഷം, കുംസുസാന്‍ പാലസ് സന്ദര്‍ശനം തുടങ്ങിയ പ്രധാന വേദികകളില്‍ കിം ജോങ് ഉന്നിനൊപ്പം മകള്‍ കിം ജൂ ഏയും പങ്കെടുത്തിരുന്നു. നിലവില്‍ 13 വയസുണ്ടെന്ന് കരുതുന്ന കിം ജൂ എ സെപ്റ്റംബറില്‍ കിം ജോങ് ഉന്‍ നടത്തിയ ചൈന സന്ദര്‍ശനത്തില്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. കിം ജൂ ഏയുടെ ആദ്യ വിദേശ യാത്ര കൂടിയായിരുന്നു ഇത്. ഔദ്യോഗിക പരിപാടികളില്‍ അവരുടെ വര്‍ദ്ധിച്ചുവരുന്ന പ്രമുഖ പൊതുജന സാന്നിധ്യം ഉള്‍പ്പെടെ നിരവധി 'സാഹചര്യങ്ങള്‍' കണക്കിലെടുത്താണ് നിഗമനമെന്നാണ് നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസ്(എന്‍ഐഎസ്)പറഞ്ഞു.

ഈ മാസം അവസാനം നടക്കുന്ന ഉത്തരകൊറിയന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പിന്‍ഗാമിയെ കുറിച്ചുള്ള നിര്‍ണായ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഉത്തര കൊറിയയില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ പരിപാടിയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. കിം ജോങ് ഉന്‍ ആരോഗ്യവാനായി തുടരുമ്പോള്‍ തന്നെ മകളെ പിന്‍ഗാമിയായി തിരഞ്ഞെടുക്കുന്നത് എന്തിനാണെന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പുറത്ത് വരുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

സാധാരണ കുട്ടികള്‍ക്ക് അനുവദനീയമല്ലാത്ത നീളമുള്ള മുടിയും വിലകൂടിയ ഡിസൈനര്‍ വസ്ത്രങ്ങളും ധരിച്ചാണ് കിം ജൂ ഏ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. ഭരണകൂടത്തിലെ രണ്ടാമത്തെ ഉയര്‍ന്ന നേതാവിനെപ്പോലെയാണ് അവര്‍ക്ക് ഔദ്യോഗിക പരിപാടികളില്‍ പരിഗണന ലഭിക്കുന്നത്. കടുത്ത പുരുഷാധിപത്യം നിലനില്‍ക്കുന്ന ഉത്തര കൊറിയന്‍ സമൂഹത്തില്‍ ഒരു പെണ്‍കുട്ടി പിന്‍ഗാമിയാകുന്നത് നിരീക്ഷകര്‍ അത്ഭുതത്തോടെയാണ് കാണുന്നത്. കിം ജോങ് ഉന്നിന്റെയും ഭാര്യ റി സോള്‍ ജു ദമ്പതികളുടെ ഏക മകളാണ് ജൂ എ. എന്നാല്‍ ദമ്പതികള്‍ക്ക് ഒരു മകന്‍ കൂടിയുണ്ടെന്നാണ് എന്‍ഐഎസ് കരുതുന്നത്. ജൂ ഏയെ മാത്രമാണ് അദ്ദേഹം ഔദ്യോഗികമായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത്.