കിളിമാനൂര്‍ വാഹനാപകടം; പ്രതി പോലിസ് ഉദ്യോഗസ്ഥന്‍

Update: 2025-09-14 05:37 GMT

തിരുവനന്തപുരം: കിളിമാനൂരില്‍ വയോധികന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്നത് പോലിസ് ഉദ്യോഗസ്ഥനെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് പാറശാല എസ്എച്ച്ഒ പി അനില്‍ കുമാറിന്റെ കാര്‍ കസ്റ്റഡിയിലെടുത്തു. റൂറല്‍ എസ്പിയ്ക്ക് മുന്നില്‍ ഹാജരാകാന്‍ അനില്‍കുമാറിന് നിര്‍ദേശം നല്‍കി. അനില്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനും തീരുമാനിച്ചു.

കഴിഞ്ഞ പത്താം തീയതി പുലര്‍ച്ചെ അഞ്ചിനാണ് കിളമാനൂരില്‍ വെച്ച് സംഭവം നടന്നത്. കിളിമാനൂര്‍ ചേണിക്കുഴി സ്വദേശി രാജനെ (59) ഇടിച്ചത് അറിഞ്ഞിട്ടും കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. രാജന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകട ശേഷം കാര്‍ സ്വകാര്യ വര്‍ക്ക് ഷോപ്പില്‍ കൊണ്ട് പോയി അറ്റകുറ്റപണി നടത്തി തെളിവ് നശിപ്പിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് രാജന്റെ കുടുംബം വ്യക്തമാക്കി. നിലവില്‍ ഒരു കേസന്വേഷണത്തിന്റെ ഭാഗമായി അനില്‍കുമാര്‍ ബെംഗളൂരുവിലാണ് ഉള്ളത്.