ചെന്നെെ: വൃക്ക തട്ടിപ്പ് ആരോപിച്ച് തമിഴ്‌നാട്ടിലെ രണ്ട് ആശുപത്രികളുടെ ട്രാൻസ്പ്ലാൻറ് ലൈസൻസ് റദ്ദാക്കി. പെരമ്പലൂരിലെ ധനലക്ഷ്മി ശ്രീനിവാസൻ മെഡിക്കൽ കോളേജ് ആശുപത്രിയുടെയും ട്രിച്ചിയിലെ സെത്താർ ആശുപത്രിയുടെയും ലൈസൻസുകളാണ് തമിഴ്‌നാട് സർക്കാർ സസ്‌പെൻഡ് ചെയ്തത്.സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തെത്തുടർന്നാണ് നടപടി.
വൃക്ക ദാനം ചെയ്ത നിരവധി വ്യക്തികൾ അവയവങ്ങൾക്ക് പകരമായി പണം വാഗ്ദാനം ചെയ്തത് തുറന്നു പറഞ്ഞു കൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട്. രണ്ട് കുട്ടികളുടെ മാതാവ്, കുടുംബത്തിന്റെ കടങ്ങൾ വീട്ടുന്നതിനായി ഒരു വൃക്ക ദാനം ചെയ്തതിന് 6.5 ലക്ഷം രൂപ നൽകിയതായി പറഞ്ഞു. ധനലക്ഷ്മി ശ്രീനിവാസൻ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നതെന്നും, അവിടെ ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയയ്ക്കായി ഒരു ആഴ്ച കിടത്തി ചികിൽസയിലായിരുന്നുവെന്നും അവർ ആരോപിച്ചു.
പ്രോജക്ട് ഡയറക്ടർ ഡോ. എസ് വിനീത് ഐഎഎസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഭവത്തിൽ പ്രാഥമിക റിപോർട്ട് സമർപ്പിച്ചു. നിലവിൽ1994 ലെ മനുഷ്യ അവയവ മാറ്റിവയ്ക്കൽ നിയമത്തിലെ സെക്ഷൻ 16(2) പ്രകാരമാണ് സർക്കാർ രണ്ടു ആശുപത്രികളുടെയും ട്രാൻസ്പ്ലാൻറ് ലൈസൻസുകൾ താൽക്കാലികമായി റദ്ദാക്കിയിരിക്കുന്നത്.
പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും, ആശുപത്രികളും ട്രാൻസ്പ്ലാൻറ് സർജന്മാരും ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചോ എന്ന് വ്യക്തമല്ല.