
ഇടപ്പള്ളി: പോണേക്കരയില്‍ അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. തൊട്ടടുത്തുള്ള വീട്ടില്‍ കുട്ടികള്‍ ട്യൂഷനു പോകുമ്പോഴാണ് സംഭവം. ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് കാറില്‍ എത്തിയത്. കൈയില്‍ പിടിച്ച് വലിച്ചതോടെ കുട്ടികള്‍ നിലവിളിക്കുകയും കുതറിയോടുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് സംഘം ശ്രമം ഉപേക്ഷിച്ച് മടങ്ങിയത്. സംഭവത്തില്‍ എളമക്കര പോലിസ് അന്വേഷണം തുടങ്ങി.
ഇന്നലെ വൈകീട്ട് നാലേമുക്കാലോടെയാണ് സംഭവം. ഇരുവരേയും യാത്രയാക്കി മുത്തശ്ശി വീടിന്റെ ഗേറ്റിന് സമീപത്ത് നിന്നിരുന്നു. രണ്ട് കുട്ടികളും വീട്ടില്‍നിന്നിറങ്ങി നടക്കവേ ഒരു വെള്ള കാര്‍ അടുത്തുകൊണ്ടുവന്ന് നിര്‍ത്തുകയും കാറിന്റെ പിന്‍വശത്തിരുന്നയാള്‍ കുട്ടികള്‍ക്കു നേരേ മിഠായികള്‍ നീട്ടുകയും ചെയ്തു. ഇളയ കുട്ടി മിഠായി വാങ്ങിയെങ്കിലും മൂത്ത കുട്ടി ഇത് വാങ്ങി കളഞ്ഞു. ഇതിനിടെ മിഠായി വാങ്ങിയ കുട്ടിയെ ബലം പ്രയോഗിച്ച് കാറിലേക്ക് വലിച്ച് കയറ്റാന്‍ ശ്രമം നടത്തുകയായിരുന്നു.സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ നോക്കി അന്വേഷണം നടക്കുന്നതായി പോലിസ് അറിയിച്ചു.