കേരള വിസിക്ക് തിരിച്ചടി; മുന്‍ രജിസ്ട്രാര്‍ക്കെതിരായ കുറ്റാരോപണ നോട്ടീസിന് സ്റ്റേ
കൊച്ചി: കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി. മുന്‍ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിന് വിസി മോഹന്‍ കുന്നുമ്മല്‍ നല്‍കിയ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. നോട്ടീസിന്മേല്‍ തുടര്‍നടപടികള്‍ പാടില്ലെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. മുന്‍ രജിസ്ട്രാര്‍ അനില്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. സസ്‌പെന്‍ഷന്‍ കാലയളവില്‍ ഫയലുകള്‍ കൈകാര്യം ചെയ്തതിലാണ് വിസി കുറ്റാരോപണ നോട്ടീസ് നല്‍കിയത്. സര്‍വ്വകലാശാല ചട്ടം 10/13 പ്രകാരമായിരുന്നു അനില്‍കുമാറിന് വിസി നോട്ടീസ് അയച്ചത്. അത്തരമൊരു നോട്ടീസ് നല്‍കാന്‍ വിസിക്ക് അധികാരം ഉണ്ടോയെന്ന് വിശദീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കേരള സര്‍വകലാശാല വിസി-രജിസ്ട്രാര്‍ പോര് ഏറെ ചര്‍ച്ചയായിരുന്നു. പിന്നീട് തര്‍ക്കങ്ങളും പോരാട്ടങ്ങളും ഹൈക്കോടതിയിലെത്തി. ആദ്യ ഘട്ടത്തില്‍ വിസിക്ക് അനുകൂലമായ നിലപാടാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നത്. രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിന്റെ സസ്പെന്‍ഷന്‍ ഹൈക്കോടതി ആദ്യഘട്ടത്തില്‍ അംഗീകരിച്ചിരുന്നു. പിന്നീട് അദ്ദേഹം ട്രാന്‍സ്ഫര്‍ വാങ്ങിപ്പോകുകയും ചെയ്തിരുന്നു. പക്ഷേ അദ്ദേഹം നിയമപോരാട്ടം തുടര്‍ന്നു. സസ്പെന്‍ഷന്‍ കാലയളവില്‍ ഫയലുകള്‍ നോക്കിയതുമായി ബന്ധപ്പെട്ട് കെ എസ് അനില്‍ കുമാറിന് വിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസ് അയയ്ക്കാന്‍ വിസിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനില്‍ കുമാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഈ ഹരജിയിലാണ് കോടതി ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്.
കെ എസ് അനില്‍ കുമാറിനെതിരായ കാരണം കാണിക്കല്‍ നോട്ടീസും ഇതിന്റെ തുടര്‍ നടപടികളും അടക്കമുള്ള ഉത്തരവുകളാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. 10(13) ചട്ടപ്രകാരം ഏതെങ്കിലും തരത്തില്‍ നോട്ടീസ് അയയ്ക്കാന്‍ വിസിക്ക് അധികാരമുണ്ടെങ്കില്‍ അത് വിശദീകരിക്കണെമന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. വിശദീകരണം നല്‍കുന്നതുവരെ പഴയ ഉത്തരവുകള്‍ക്കുള്ള സ്റ്റേ തുടരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
