തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി മൂന്ന് നാള്‍ മാത്രം. അവസാനവട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണികള്‍. പരസ്യപ്രചാരണം നാളെ അവസാനിക്കും. നാളെയാണ് കലാശക്കൊട്ട്. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍. ഓരോ പാര്‍ട്ടിയിലേയും കേന്ദ്ര നേതാക്കളടക്കം കേരളത്തിലെത്തി പ്രചാരണത്തില്‍ പങ്കാളിയാവുന്നുണ്ട്.
രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഇന്ന് വടക്കന്‍ കേരളത്തില്‍ പ്രചാരണം നടത്തും. കൊല്ലത്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ റോഡ് ഷോ നടക്കും. വട്ടിയൂര്‍ക്കാവ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനായി ഡി കെ ശിവകുമാര്‍ റോഡ് ഷോയില്‍ പങ്കെടുക്കും. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍ തുടരുന്നുണ്ട്. ഇന്നലെ ബേപ്പൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ഉള്‍പ്പെടെ പ്രചാരണത്തില്‍ അമിത് ഷാ പങ്കെടുത്തിരുന്നു. കേന്ദ്ര കൃഷിമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ ഇന്ന് പാലക്കാടെത്തും. അതേസമയം, ഇടത് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപോര്‍ട്ട് മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും. മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ റോഡ് ഷോ പെരളശ്ശേരിയില്‍ നടക്കും.