ഇറാൻ-ഇസ്രായേൽ സംഘർഷം: വീടണയാനാവാതെ വിഹ്വലരായി ഇറാനിലെ മലയാളി വിദ്യാർഥികൾ
തെഹ്റാൻ: ഇറാൻ-ഇസ്രായേൽ സംഘർഷം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇറാനിലെ മലയാളി വിദ്യാർഥികൾ കടുത്ത ആശങ്കയിൽ തുടരുകയാണ്. സംഘർഷം എട്ടാം ദിവസത്തിലേക്ക് കടന്നിട്ടും അവരെ ഒഴിപ്പിച്ച് സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ വൈകുന്നതിൽ രക്ഷിതാക്കളും ഏറെ ഉൽക്കണ്ഠയിലാണ്.
കെർമാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിൽ എംബിബിഎസിന് പഠിക്കുന്ന കേരളത്തിൽനിന്നുള്ള 12 വിദ്യാർഥികളാണ് ഇന്ത്യൻ എംബസിയുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നത്. യൂണിവേഴ്സിറ്റി പരീക്ഷകളെല്ലാം റദാക്കിയിട്ടുണ്ട്. അക്കാദമിക പ്രവർത്തനങ്ങളും നിർത്തി വച്ചിരിക്കുകയാണ്.
കാസർഗോഡ് ജില്ലക്കാരായ ഫാത്തിമ ഫിദാ ഷിറിൻ, നസ്റ ഫാത്തിമ, കോഴിക്കോട് ജില്ലയിലെ റനാ ഫാത്തിമ, ഫാത്തിമ ഹന്ന, മലപ്പുറം ജില്ലയിൽ മുഫ്‌ലിഹ, ജിംഷ, ഫർസാന, സനാ, ആയിഷാ ഫെബിൻ, ആഷിഫ, എറണാകുളം ജില്ലയിൽ പറവൂർ സ്വദേശിയായ മുഹമ്മദ് ഷഹബാസ്, കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശിനി അഫ്സാന ഷെറിൻ എന്നിവരാണ് തങ്ങളെ ഒഴിപ്പിക്കുന്നതും പ്രതീക്ഷിച്ചുകഴിയുന്ന വിദ്യാർഥികൾ.
കെർമാനിലെ ആസാദി സ്ക്വയറിനു സമീപമുള്ള ശാഹിദ് ബെഹസ്തിയിലെ നോവിൻ 2ലെ ഡോർമിറ്ററിയിൽ അവരെല്ലാം തൽക്കാലം സുരക്ഷിതരാണെന്ന് പറയപ്പെടുന്നു.
തെഹ്റാനിൽനിന്ന് കെർമാനിലേക്ക് 800 കിലോമീറ്ററിലധികം ദൂരമുണ്ട്. ദിവസം ചെല്ലുന്തോറും സംഘർഷം മൂർച്ഛിക്കുന്നതിനാൽ ഏതെല്ലാം മേഖലകളിലേക്കാണ് വ്യാപിക്കുക എന്നു പറയാനാവില്ല. അതിനാൽ വിദ്യാർഥികൾ കടുത്ത ഭയാശങ്കയിലും മാനസിക സംഘർഷത്തിലുമാണ്.
വിദ്യാർഥികളെ എത്രയും വേഗം ഒഴിപ്പിച്ച് സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് സത്വരനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
ഇതിനകം ഇറാനിൽനിന്ന് ഒഴിപ്പിക്കപ്പെട്ട് ഏതാനും ഇന്ത്യൻ വിദ്യാർഥികൾ നാട്ടിലെത്തിയിട്ടുണ്ട്. അവരിലേറെയും കശ്മീരികളാണ്. കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല തുടക്കം മുതലേ ഇറാനിലുള്ള കശ്മീരി വിദ്യാർഥികളുടെ കാര്യത്തിൽ സജീവമായ ഇടപെടൽ നടത്തിവന്നിരുന്നു.ഇറാനിൽനിന്ന് ഒഴിപ്പിച്ച മറ്റു രാജ്യക്കാരായ വിദ്യാർഥികളിൽ ഏറെയും പാകിസ്താൻകാരാണ്.

