വംശീയക്കൊലകള്‍ക്കെതിരേ കേരളത്തില്‍ നിയമനിര്‍മാണം നടത്തണം: പ്രതിരോധ സംഗമം

സംഘ്പരിവാറിന്റെ വംശീയ കൊലകള്‍ക്ക് താക്കീതായി ജസ്റ്റിസ് ഫോര്‍ രാം നാരായണ്‍ ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച സാഹോദര്യ റാലി

Update: 2026-01-30 15:17 GMT

സംഘ്പരിവാറിന്റെ വംശീയ കൊലകള്‍ക്കെതിരെ ജസ്റ്റിസ് ഫോര്‍ രാം നാരായണ്‍ ആക്ഷന്‍ കൗണ്‍സില്‍ പാലക്കാട്ട് സംഘടിപ്പിച്ച സാഹോദര്യ റാലി

പാലക്കാട്: സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന വംശീയ ആള്‍ക്കൂട്ടക്കൊലകള്‍ക്കെതിരേ കേരളത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ജസ്റ്റിസ് ഫോര്‍ രാം നാരായണ്‍ ആക്ഷന്‍ കൗണ്‍സില്‍ കേരള സംഘടിപ്പിച്ച പ്രതിരോധ സംഗമം ആവശ്യപ്പെട്ടു. ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്ക് തടയിടാനായി തഹ്‌സീന്‍ പൂനെവാല കേസിലെ സുപ്രിംകോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേരള നിയമസഭ നടപ്പിലാക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. രാം നാരായണന്റെ മുഴുവന്‍ കൊലപാതകികളേയും അറസ്റ്റ് ചെയ്യാന്‍ പോലും പോലിസ് ഇതുവരെ തയ്യാറായിട്ടില്ല. രാം നാരായണന്റെ കുടുംബത്തിന് പ്രഖ്യാപിച്ച 30 ലക്ഷത്തിന്റെ അടിയന്തര സഹായം ഉടന്‍ വിതരണം ചെയ്യണമെന്നും സംഗമം ആവശ്യപ്പെട്ടു.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു സംഗമം ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ എസ് നിസാര്‍ അധ്യക്ഷത വഹിച്ചു. രാം നാരായണന്റെ സഹോദരന്‍ ശശികാന്ത് ഭാഗേല്‍ മുഖ്യാതിഥിയായി. ആക്ഷന്‍ കൗണ്‍സില്‍ കേരള ചെയര്‍മാന്‍ കെ ശിവരാമന്‍ മുഖ്യ പ്രഭാഷണം നടത്തി. സുരേന്ദ്രന്‍ കരിപ്പുഴ(വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി), അഡ്വ. പി എ പൗരന്‍(PUCL സംസ്ഥാന ചെയര്‍മാന്‍), പി കെ ഉസ്മാന്‍ (SDPI സംസ്ഥാന ജനറല്‍ സെക്രട്ടറി), പി എന്‍ പ്രോവിന്റ്(CPIML റെഡ്സ്റ്റാര്‍), അംബിക മറുവാക്ക്, ടി ഇസ്മയില്‍(സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി), ഷാന്റോ ലാല്‍ (പോരാട്ടം), വിളയോടി ശിവന്‍കുട്ടി(മനുഷ്യാവകാശ പ്രവര്‍ത്തകന്‍), ബാസിത് താനൂര്‍(ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി), സുറിയന്‍ മൂപ്പന്‍(അട്ടപ്പാടി മൂപ്പന്‍ കൗണ്‍സില്‍), സജീവന്‍ കള്ളിച്ചിത്ര(ആദിവാസി സമിതി), അഷിത നജീബ്(WIM), കെ വാസുദേവന്‍(സാധുജന പരിപാലന സംഘം), മുഹമ്മദ് സാദിഖ് (മാനവ് ഫൗണ്ടേഷന്‍), ടി കെ വാസു, ഗഫൂര്‍ വാടാനപ്പള്ളി, ഡയമണ്ട് ആന്റണി, എം സുലൈമാന്‍, സക്കീര്‍ ഹുസൈന്‍ കൊല്ലങ്കോട് തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ കാര്‍ത്തികേയന്‍ സ്വാഗതവും കണ്‍വീനര്‍ റസീന ആലത്തൂര്‍ നന്ദി പറഞ്ഞു.

രാം നാരായണ്‍ ഭാഗേലിന്റെ കൊലപാതകത്തിന്റെ കേസന്വേഷണം കുറ്റമറ്റതാക്കണം, തഹ്‌സീന്‍ പൂനെവാല കേസിലെ സുപ്രിംകോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണം, വംശീയ കൊലകള്‍ക്കെതിരേ കേരളം ജാഗ്രത പുലര്‍ത്തണം, പ്രഖ്യാപിച്ച നഷ്ടപരിഹാര തുക വേഗത്തില്‍ ലഭ്യമാക്കണം എന്നീ പ്രമേയങ്ങള്‍ സംഗമത്തില്‍ അവതരിപ്പിച്ചു. മുന്‍സിപ്പല്‍ സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച സാഹോദര്യ റാലിയില്‍ നൂറുകണക്കിന് പേര്‍ അണിനിരന്നു. റാലി സ്റ്റേഡിയം സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.