'ആരോഗ്യരംഗത്തിന് കേരളം മാതൃക'; മുഖ്യമന്ത്രി

സഭയില്‍ യുഡിഎഫിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Update: 2026-01-28 12:08 GMT

തിരുവനന്തപുരം: ആരോഗ്യ രംഗത്തിന് കേരളം മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യമേഖലയിലെ വീഴ്ചകളില്‍ സഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ യുഡിഎഫിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആരോഗ്യ രംഗം എന്ത് അഭിമാനകരമായ സ്ഥിതിയിലാണ് എത്തിയത്. 2016ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ആരോഗ്യം തകര്‍ന്നടിഞ്ഞ നിലയിലായിരുന്നു ഉണ്ടായിരുന്നത്. ആശുപത്രികളില്‍ വേണ്ടത്ര ഡോക്ടര്‍മാരില്ല കൊടുക്കാന്‍ മരുന്നുകള്‍ പോലും ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കോവിഡ് കാലത്ത് കേരളം ഒരുക്കിയത് വലിയ സൗകര്യങ്ങളാണ്. എല്‍ഡിഎഫ് അധികാരത്തിലെത്തിയതോടെ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങളുണ്ടായെന്നും ആര്‍ദ്രം അടക്കം പദ്ധതികള്‍ കൊണ്ടുവന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

1,600 രൂപയിലേക്ക് ക്ഷേമ പെന്‍ഷന്‍ എത്തിച്ചത് കഴിഞ്ഞ സര്‍ക്കാറാണ്. 2016ന് മുന്‍പുള്ള ഘട്ടം 500 രൂപയുള്ളത് 600 ആക്കി. പക്ഷേ അത് ജനങ്ങള്‍ക്ക് കൊടുത്തിരുന്നില്ല അത് കടലാസിലായിരുന്നു 2006ല്‍ വി എസ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 28 മാസമായിരുന്നു കുടിശ്ശിക, തുടര്‍ന്ന് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് കൊടുത്തു പിന്നീട് 2016ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ഉണ്ടായിരുന്നത് 18 മാസത്തെ കുടിശ്ശിക ഉണ്ടായിരുന്നു. അതെല്ലാം സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തീര്‍ത്തു. പ്രതിപക്ഷം എല്ലാം മറച്ചുവെച്ച് സംസാരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളിലെ നിലപാടില്‍ യുഡിഎഫ് ആത്മപരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി. നാടിന്റെ പ്രശ്‌നങ്ങളില്‍ എത്ര കണ്ട് യുഡിഎഫ് നിന്നിട്ടുണ്ട്. നാടിനെതിരായ നീക്കം കേന്ദ്രത്തില്‍നിന്ന് വരുമ്പോള്‍ നടത്തുന്ന സമരത്തില്‍ നിങ്ങള്‍ എപ്പോഴാണ് പങ്കാളികളായത്. ജനങ്ങളെ ഒരു ഘട്ടത്തിലും എന്തെങ്കിലും പറഞ്ഞ് വ്യാമോഹിപ്പിച്ചിട്ടില്ല. എന്തെങ്കിലും പറഞ്ഞ് തത്ക്കാലം തെറ്റിദ്ധരിപ്പിക്കാം എന്ന അജണ്ട ഉണ്ടായിട്ടില്ല. ചെയ്യാന്‍ കഴിയുന്നത് എന്താണോ അതേ പറഞ്ഞിട്ടുള്ളൂ. നിങ്ങള്‍ ഞങ്ങള്‍ക്കെതിരേ പ്രചാരണം നടത്തും അത് രാഷ്ട്രീയമാണ് നാട്ടില്‍ സാധാരണക്കാരും ജനങ്ങളും ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.