ഷീലാ സണ്ണിയുടെ വാഹനത്തില്‍ ലഹരി വച്ചെന്ന കേസ്: നാരായണ ദാസിന് ജാമ്യം

Update: 2025-08-12 13:03 GMT

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന നാരായണ ദാസിന് ജാമ്യം. കേസില്‍ ഇയാള്‍ 104 ദിവസമായി ജയിലിലാണെന്നും അറസ്റ്റ് രേഖകളില്‍ നിയമപ്രശ്‌നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ജാമ്യം അനുവദിച്ചത്.

2023 മാര്‍ച്ച് 27 നാണ് ഷീലാ സണ്ണിയുടെ സ്‌കൂട്ടറില്‍ നിന്നും ബാഗില്‍ നിന്നും എല്‍എസ്ഡി സ്റ്റാംപുകളെന്ന് പറയുന്ന വസ്തുക്കള്‍ പിടികൂടിയത്. 72 ദിവസം ഷീലാ സണ്ണി ജയിലില്‍ കഴിയുകയും ചെയ്തു. പിന്നീട് നടത്തിയ രാസ പരിശോധനയില്‍ വ്യാജ ലഹരിയാണെന്ന് വ്യക്തമായതോടെ ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കുകയായിരുന്നു. ഷീല സണ്ണിയുടെ വാഹനത്തില്‍ ലഹരി മരുന്ന് വച്ച ശേഷം അക്കാര്യം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് ആണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസാണ് കേസിന് പിന്നിലെന്നും കണ്ടെത്തി. ലിവിയയുടെ നേതൃത്വത്തിലാണ് രാസലഹരി സ്റ്റാമ്പുകള്‍ ഷീല സണ്ണിയുടെ സ്‌കൂട്ടറില്‍ വെച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.