''ഭാരത മാതാവിനെ'' പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി

കൊച്ചി: സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് കേരള സര്‍വകലാശാല റജിസ്ട്രാര്‍ ഡോ.കെ എസ് അനില്‍കുമാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും. കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം ഉപയോഗിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയുടെ അനുമതി റജിസ്ട്രാര്‍ റദ്ദാക്കിയിരുന്നു. ഗവര്‍ണറോട് അനാദരം കാണിച്ചെന്നും ബാഹ്യസമ്മര്‍ദത്തിനു വഴങ്ങി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും ആരോപിച്ചാണ് റജിസ്ട്രാറെ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്തത്.
ഈ സസ്‌പെന്‍ഷനെ ചോദ്യം ചെയ്താണ് രജിസ്ട്രാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്തു കൊണ്ടാണ് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടി നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതെന്ന് റജിസ്ട്രാറുടെ അഭിഭാഷകനോട് കോടതി ആരാഞ്ഞു. മതചിഹ്നം പ്രദര്‍ശിപ്പിച്ചതു കൊണ്ടാണ് പരിപാടി നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതെന്നു അഭിഭാഷകന്‍ അറിയിച്ചു. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പ്രകോപനപരമായ എന്ത് ചിത്രമാണ് പ്രദര്‍ശിപ്പിച്ചതെന്നു ഹൈക്കോടതി ചോദിച്ചു. ഹിന്ദു ദേവതയുടെ ചിത്രമാണ് പ്രദര്‍ശിപ്പിച്ചതെന്നും പതാകയേന്തിയ സ്ത്രീയുടെ ചിത്രമാണ് ഉണ്ടായിരുന്നതെന്നും അഭിഭാഷകന്‍ അറിയിച്ചു. ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി ആരോപിച്ചു. നിയമ വിരുദ്ധമായി വിസി നടത്തിയ സസ്പെന്‍ഷനാണ് പ്രധാന വിഷയമെന്നു ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേരള സര്‍വകലാശാലയോടും പോലിസിനോടും കോടതി വിശദീകരണം തേടി. ശ്രീപത്മനാഭ സേവാസമിതി എന്ന സംഘടന കഴിഞ്ഞമാസം 25നു ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ പങ്കെടുപ്പിച്ചു സര്‍വകലാശാലാ സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം വച്ചതില്‍നിന്നാണു പ്രശ്‌നങ്ങളുടെ തുടക്കം.