കേരളത്തിന് രണ്ട് അമൃത് ഭാരത് ട്രെയ്‌നുകള്‍ അനുവദിച്ചു
തമിഴ്നാടുമായും തെലങ്കാനയുമായി ബന്ധിപ്പിക്കും
ന്യൂഡല്‍ഹി: അതിവേഗ അണ്‍റിസര്‍വ്ഡ് ദീര്‍ഘദൂര ട്രെയിനായ അമൃത് ഭാരത് കേരളത്തിലേക്കും. കേരളത്തിനെ തെലങ്കാനയുമായും തമിഴ്‌നാടുമായും ബന്ധിപ്പിച്ചാണ് രണ്ട് ട്രെയിനുകള്‍ അനുവദിച്ചിരിക്കുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ ഇക്കാര്യം അറിയിച്ചത്
തൃശൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ പാസഞ്ചര്‍ ട്രെയിന്‍ അനുവദിച്ചതിനു പിന്നാലെയാണ് അമൃത് ഭാരത് ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം-ഹൈദരാബാദ്, തിരുവനന്തപുരം-താംബരം(ചെന്നൈ)എന്നീ റൂട്ടുകളിലാണ് പുതിയ അമൃത് ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനും നേരത്തെ കേരളത്തിന് അനുവദിച്ചിരുന്നു.
ജനുവരി 13നാണ് രാജ്യത്ത് ഒന്‍പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് അടുത്ത പശ്ചിമ ബംഗാളിനാണ് ആദ്യ പരിഗണന നല്‍കിയത്. പശ്ചിമ ബംഗാളിന് ഏഴ് സര്‍വീസുകളാണ് അനുവദിച്ചത്. തമിഴ്‌നാടിന് മൂന്നും അസമിന് രണ്ടും സര്‍വീസുകള്‍ അനുവദിച്ചിട്ടുണ്ട്.