യുഎസ് തീരുവ ആഘാതം: വ്യവസായികളുടെ യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍
എക്‌സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മാതൃകയില്‍ സംസ്ഥാനതലത്തിലും സംവിധാനം കൊണ്ടുവരണം
കൊച്ചി: ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവ അമേരിക്ക ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കയറ്റുമതി മേഖലയിലെ പ്രതിനിധികളുടെ യോഗം വിളിച്ച് സംസ്ഥാന വ്യവസായ വകുപ്പ്. ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഒരു ശതമാനം മാത്രമേ കേരളത്തില്‍ നിന്നുള്ളൂവെങ്കിലും ഈ പ്രതിസന്ധി നമ്മുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കാന്‍ സാധ്യത ഏറെയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യത്തില്‍ പരിമിതികളുണ്ടെങ്കിലും സര്‍ക്കാരിന്റെ പരിധിയില്‍നിന്നു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നതുവരെ കാത്തിരിക്കുന്നതിനു പകരം സമാന്തരമായ മറ്റ് വിപണികള്‍ കണ്ടെത്തണം. എക്‌സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മാതൃകയില്‍ സംസ്ഥാനതലത്തിലും സംവിധാനം കൊണ്ടുവരണം. അതിലൂടെ പുതിയ വിപണികള്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. വാണിജ്യമേഖലയ്‌ക്കൊപ്പം സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
ആഭ്യന്തര വിപണി കൂടുതലായി ഉപയോഗപ്പെടുത്തണം. ലോക കേരളസഭയിലെ അംഗങ്ങളുമായി ചേര്‍ന്ന് പുതിയ കയറ്റുമതി വിപണി കണ്ടെത്താന്‍ ശ്രമിക്കാമെന്നും കയറ്റുമതി മേഖലയുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിശദമായ നിവേദനം കേന്ദ്രസര്‍ക്കാരിന് കേരളം സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര പദ്ധതികളുടെ ആനുകൂല്യം നേടിയെടുക്കുന്നതിന് കെഎസ്ഐഡിസിയില്‍നിന്ന് നോഡല്‍ ഓഫീസറെ നിയമിക്കാവുന്നതാണ്. വൈദ്യുതി നിരക്കില്‍ ഇളവ്, തൊഴിലാളിക്ഷേമ പദ്ധതികളില്‍ സബ്സിഡി തുടങ്ങിയവയും മുന്നോട്ടു വെച്ചു.
കയറ്റുമതി മേഖലയ്ക്ക് നല്‍കിവന്നിരുന്ന പല സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ കുറച്ചു കാലമായി വെട്ടിക്കുറച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റോഡ്ടെപ് (റെമിഷന്‍ ഓഫ് ഡ്യൂട്ടീസ് ആന്‍ഡ് ടാക്‌സസ് ഓണ്‍ എക്‌സ്പോര്‍ട്സ് പ്രോഡക്ട്സ്) പോലുള്ളവ മുന്‍കാലത്തേതുപോലെ നാല് ശതമാനമാക്കിയാല്‍ കുറച്ചൊക്കെ പ്രതിസന്ധി മറികടക്കാമെന്ന് കയറ്റുമതി മേഖല ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കെഎസ്ഐഡിസി ചെയര്‍മാന്‍ സി. ബാലഗോപാല്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍. ഹരികൃഷ്ണന്‍, ജനറല്‍ മാനേജര്‍ വര്‍ഗീസ് മാളാക്കാരന്‍, ഹാന്‍ഡ്ലൂം ഡയറക്ടര്‍ ഡോ. കെ.എസ്. കൃപകുമാര്‍, വ്യവസായവകുപ്പ് അഡീ. ഡയറക്ടര്‍ ജി. രാജീവ് തുടങ്ങിയവര്‍ സംബന്ധിച്ചു.
