കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ ഇന്ന് പാര്‍ട്ടി പ്രഖ്യാപിച്ചേക്കും; ബിജെപി അനുകൂല പാര്‍ട്ടിയാവുമെന്ന് സൂചന
കോട്ടയം: കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ ഇന്ന് പാര്‍ട്ടി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. മുന്‍ എംപി ജോര്‍ജ് ജെ മാത്യുവിന്റെ നേതൃത്വത്തില്‍ ബിജെപി അനുകൂല പാര്‍ട്ടി രൂപം കൊണ്ടേക്കാമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ഇന്നലെ കോട്ടയത്ത് നടന്ന ഫെഡറേഷന്റെ നേതൃത്വ സമ്മേളനത്തില്‍ ജോര്‍ജ് ജെ മാത്യു ചില സൂചനകള്‍ നല്‍കി. ഫെഡറേഷന്‍ എല്ലാക്കാലത്തും കര്‍ഷക സംഘടന മാത്രമായി നിലകൊള്ളുമെന്ന് ആരും കരുതേണ്ടന്നു ജോര്‍ജ് ജെ മാത്യു പറഞ്ഞു.
''കര്‍ഷകനെ പിന്തുണയ്ക്കാന്‍ നിയമനിര്‍മാണ സഭകളില്‍ ഇന്നാരുമില്ല. എന്നാല്‍ കര്‍ഷകര്‍ വിചാരിച്ചാല്‍ ഓരോ മണ്ഡലത്തിലും ആരു ജയിക്കുമെന്നു തീരുമാനിക്കാനാകും. 25% സീറ്റുകളിലെങ്കിലും കര്‍ഷകര്‍ ഉണ്ടെങ്കില്‍ മാത്രമേ കര്‍ഷക പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാകൂ''-അദ്ദേഹം പറഞ്ഞു. കേരളത്തിലെ കര്‍ഷകര്‍ 15 പാര്‍ട്ടികളായി ഭിന്നിച്ചു നില്‍ക്കുകയാണെന്നു കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സന്ദേശത്തില്‍ പറഞ്ഞു. വേണ്ടിവന്നാല്‍ രാഷ്ട്രീയമായി ഒന്നിക്കണം. ജനങ്ങള്‍ക്കാവശ്യമുള്ള നേതാക്കളെ കൂടെനിര്‍ത്തി കര്‍ഷകരെ ഒന്നിച്ചു നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടുബാങ്കായി നിലകൊള്ളാതെ കാര്‍ഷിക പ്രശ്‌നങ്ങളില്‍ പരിഹാരം ലഭിക്കില്ലെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. മുന്‍ എംഎല്‍എ എം വി.മാണി, മുന്‍ എംഎല്‍എ പി എം മാത്യു, ജോണ്‍ തോമസ് കൊട്ടുകാപ്പള്ളി, കെ ടി സ്‌കറിയ കളത്തില്‍, കെ ഡി ലൂയിസ്, ഡോ. റെയ്മണ്ട് മോറിസ് എന്നിവരും സംസാരിച്ചു. പുതിയ പാര്‍ട്ടിക്കായി ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് സൂചന.
