കേദാര്‍നാഥില്‍ അഹിന്ദുക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ബിജെപി എംഎല്‍എ; അഹിന്ദുക്കള്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുവെന്നും ആരോപണം

Update: 2025-03-16 12:02 GMT

ഡെറാഡുണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ അഹിന്ദുക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ബിജെപി നേതാവും സ്ഥലം എംഎല്‍എയുമായ ആശ നൗട്ടിയാല്‍. അഹിന്ദുക്കള്‍ കേദാര്‍നാഥിലെ ഹിന്ദുക്കളുടെ വിശ്വാസങ്ങളെ മുറിവേല്‍പ്പിക്കുകയും ജീവിതരീതികളെ തകര്‍ക്കുകയാണെന്നും ആശ ആരോപിച്ചു.


''ഞാന്‍ കഴിഞ്ഞ ദിവസം കേദാര്‍നാഥ് വാസികളുമായി സംസാരിച്ചു. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുകയാണെന്ന് അവര്‍ പറഞ്ഞു. ലോകത്തെമ്പാടുമുള്ള ഭക്തര്‍ ബാബ കേദാറിനെ കാണാന്‍ വരുന്ന സ്ഥലമാണിത്. അതിനാല്‍ മറ്റു മതസ്ഥരെ പ്രദേശത്തേക്ക് കടത്തരുതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മറ്റു മതക്കാരായ ബിസിനസുകാരെ ഒഴിവാക്കണമെന്ന് കച്ചവടക്കാരും ആവശ്യപ്പെട്ടു. പ്രദേശത്തെ നാലു തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ ആളുകള്‍ അഹിന്ദുക്കള്‍ക്ക് നിരോധനം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.''- ആശ നൗട്ടിയാല്‍ പറഞ്ഞു.


സ്വാഭാവികമായും ആശയുടെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി മീഡിയ ഇന്‍ ചാര്‍ജ് മന്‍വീര്‍ സിങ് ചൗഹാന്‍ രംഗത്തെത്തി. ''ഹിന്ദുക്കളുടെ വികാരം മുറിവേല്‍ക്കുന്ന കാര്യമായതിനാല്‍ ആശയുടെ പ്രസ്താവനയെ പിന്തുണക്കുകയാണ്. സനാതന ധര്‍മത്തില്‍ ഈ നാലു തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്.''-ചൗഹാന്‍ പറഞ്ഞു.

''ക്ഷേത്രനഗരമായ കേദാര്‍നാഥില്‍ മദ്യവും മാംസവും വില്‍ക്കുന്നതായി ആരോപണമുണ്ട്. കഴിഞ്ഞ കുറച്ചുവര്‍ഷമായി പ്രദേശത്ത് മുസ്‌ലിംകള്‍ കലാപമുണ്ടാക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പുണ്യസ്ഥലത്ത് ഇത്തരം ബിസിനസുകള്‍ നടത്തുന്നത് തെറ്റാണ്. മറ്റ് ബിസിനസുകളുടെ മറവില്‍ മദ്യശാലകളും ഉണ്ട്.''-ചൗഹാന്‍ ആരോപിച്ചു.

രാഷ്ട്രീയ നേട്ടത്തിനായി ഒരു എംഎല്‍എ ഇത്തരത്തില്‍ സംസാരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് കരണ്‍ മഹാര പറഞ്ഞു. '' ഒരാളുടെ മതത്തെ അടിസ്ഥാനമാക്കി തെറ്റും ശരിയും പറയാന്‍ കഴിയില്ല. നിയമത്തിന് മുന്നില്‍ തുല്യമായി പരിഗണിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. അതിനാല്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.''-അദ്ദേഹം പറഞ്ഞു.

കേദാര്‍നാഥ് ക്ഷേത്രത്തിലെ ഒരു പുരോഹിതന്‍ ശ്രീകോവിലില്‍ സ്വര്‍ണ്ണത്തിന് പകരം പിച്ചള പൂശിയെന്നും കരണ്‍ മഹാര ആരോപിച്ചു. ''ശ്രീകോവില്‍ സ്വര്‍ണം പൂശാന്‍ ബോംബെയിലെ ഒരു വ്യവസായി സംഭാവന ചെയ്ത 233 കിലോഗ്രാം സ്വര്‍ണമാണ് മോഷണം പോയിരിക്കുന്നത്. ഈ വിഷയത്തില്‍ എംഎല്‍എ ഒരു വാക്ക് സംസാരിച്ചിട്ടില്ല.''-കരണ്‍ മഹാര പറഞ്ഞു.

ഉത്തര്‍പ്രദേശിലെ വൃന്ദാവനിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിലെ പ്രതിഷ്ഠയെ അണിയിക്കുന്ന വസ്ത്രങ്ങള്‍ മുസ്‌ലിം കരകൗശല വിദഗ്ദരില്‍ നിന്നും വാങ്ങരുതെന്ന് 'ശ്രീകൃഷ്ണ ജന്മഭൂമി മുക്തി സംഘര്‍ഷ് ന്യാസ്' നേതാവ് ദിനേശ് ശര്‍മ്മ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം, ക്ഷേത്രകമ്മിറ്റി തള്ളിക്കളഞ്ഞു. മതപരമായ വിവേചനം ക്ഷേത്രത്തില്‍ ഇല്ലെന്നാണ് കമ്മിറ്റി ദിനേശ് ശര്‍മക്ക് മറുപടി നല്‍കിയത്.


ബങ്കെ ബിഹാരി ക്ഷേത്രം