കായംകുളം: കായംകുളത്ത് വാഹനാപകടത്തിനിടെ പരിക്കേറ്റ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പരാതിക്കാരിയുടെ മൊഴിയെടുത്ത് പോലിസ്. പരാതി നല്‍കിയിട്ടും സംഭവത്തില്‍ കേസെടുക്കാത്തതില്‍ പോലിസിനെതിരെ യുവതി രംഗത്തെത്തിയിരുന്നു. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കഴക്കൂട്ടത്ത് എത്തിയാണ് മൊഴിയെടുക്കല്‍ നടത്തുന്നത്.
പരാതി നല്‍കിയിട്ടും മൊഴി രേഖപ്പെടുത്താനോ മറ്റു നടപടികളില്‍ കിടക്കാനോ പോലിസ് ശ്രമിച്ചിരുന്നില്ല. സംഭവം വിവാദമായതോടെ കായംകുളം ഡിവൈഎസ്പി ഓഫീസിലേക്ക് ഇന്ന് എത്താന്‍ യുവതിയോട് അന്വേഷണസംഘം ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് ആരോഗ്യപ്രശ്‌നം ഉള്ളതിനാല്‍ തിരുവനന്തപുരത്തേക്ക് എത്തി മൊഴി രേഖപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
തീര്‍ഥാടനത്തിന് പോയി മടങ്ങി വരുമ്പോഴാണ് യുവതി സഞ്ചരിച്ചിരുന്ന വാഹനം കായംകുളത്ത് അപകടത്തില്‍പ്പെടുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് സിനില്‍ സബാദ് യുവതിയെ ലൈംഗികമായി അതിക്രമിക്കുകയായിരുന്നു എന്നാണ് കേസ്.