സിപിഎം നേതാവ് കെ അനിരുദ്ധന്റെ മകനും എ സമ്പത്തിന്റെ സഹോദരനുമായ കസ്തൂരി അനിരുദ്ധന്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ്

Update: 2025-03-23 16:18 GMT

തിരുവനന്തപുരം: സിപിഎം നേതാവായിരുന്ന കെ അനിരുദ്ധന്റെ മകന്‍ കസ്തൂരി അനിരുദ്ധന്‍ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്. സംഘടനയുടെ ജില്ലാ സമ്മേളനത്തിലാണ് കസ്തൂരി അനിരുദ്ധനെ ജില്ലാ അധ്യക്ഷനായി പ്രഖ്യാപിച്ചത്. മുതിര്‍ന്ന സിപിഎം നേതാവ് എ സമ്പത്തിന്റെ സഹോദരന്‍ കൂടിയാണ് ഇയാള്‍. തിരുവനന്തപുരം ജില്ലയില്‍ സിപിഎം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു കെ അനിരുദ്ധന്‍.

ദീര്‍ഘകാലം സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗമായും ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായും കെ അനിരുദ്ധന്‍.പ്രവര്‍ത്തിച്ചിരുന്നു. സിഐടിയു ജില്ലാ പ്രസിഡന്റായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സിഐടിയു അഖിലേന്ത്യ വര്‍ക്കിങ് കമ്മിറ്റിഅംഗമായിരുന്നു. പട്ടം താണുപിള്ള പഞ്ചാബ് ഗവര്‍ണറായതിനെത്തുടര്‍ന്ന് 1963ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭാംഗമായി. 1965ല്‍ ജയിലില്‍കിടന്നുകൊണ്ട് തിരുവനന്തപുരം മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കറിനെ പരാജയപ്പെടുത്തി. 1967 വീണ്ടും ആര്‍ ശങ്കറെ ചിറയിന്‍കീഴില്‍ പരാജയപ്പെടുത്തി. 1979ല്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍നിന്ന് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു. 1980ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍നിന്ന് നിയമസഭാംഗമായി. 1989ല്‍ തിരുവനന്തപുരം ജില്ലാ കൗണ്‍സിലിന്റെ പ്രഥമ പ്രസിഡന്റായി. കേരളം, നവകേരളം, വിശ്വകേരളം എന്നീ പത്രങ്ങളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മകന്‍ സമ്പത്തും പാര്‍ട്ടിയില്‍ ഉന്നതങ്ങളിലെത്തി.