കാസര്‍കോട്: സ്വവര്‍ഗ രതിക്കാരുടെ ഡേറ്റിങ് ആപ്പില്‍ അക്കൗണ്ടുണ്ടാക്കിയ പതിനാറുകാരനെ പീഡിപ്പിച്ചെന്ന സംഭവത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ ഇടപാട് നടന്നതായി പോലിസിന് സംശയം. വിവിധ പ്രദേശങ്ങളിലെ ലോഡ്ജിലും പതിനാറുകാരന്‍ എത്തിയിരുന്നതായി പോലിസ് സ്ഥിരീകരിച്ചു. പ്രതികളുമായി ഇവിടങ്ങളില്‍ തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ ചെറുവത്തൂരിലെ ലോഡ്ജില്‍ പരിശോധന നടത്തി. കാസര്‍കോടിനു പുറമെ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലും കേസുണ്ട്. അവിടെയും തെളിവെടുപ്പിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. പതിനാറുകാരനെ പീഡിപ്പിച്ചെന്ന് ആരോപിച്ച് 12 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
ഇത്തരം ഡേറ്റിങ് ആപ്പുകളില്‍ അക്കൗണ്ടുണ്ടാക്കാന്‍ 18 വയസ് ആവണമെന്നില്ല. വ്യാജ പ്രായം നല്‍കിയും അക്കൗണ്ടുണ്ടാക്കാം. കുറ്റകൃത്യത്തിന്റെ പേരില്‍ ആപ്പിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് കാസര്‍കോട് ജില്ലാ പോലിസ് മേധാവി വിജയ് ഭാരത് റെഡ്ഡി പറഞ്ഞു. അതേസമയം, മറ്റൊരു നിയമപ്രശ്‌നവും പോലിസിനെ വേട്ടയാടുന്നു. പതിനെട്ട് വയസിന് മുകളില്‍ പ്രായമുണ്ടെന്ന് പറഞ്ഞ് പതിനാറുകാരന്‍ സ്വന്തമായി അക്കൗണ്ടുണ്ടാക്കിയതിനാല്‍ ആരോപണ വിധേയര്‍ക്ക് പ്രായം കൃത്യമായി അറിയാനാവില്ല. ആ സാഹചര്യത്തില്‍ പോക്‌സോ കേസ് എങ്ങനെ നിലനില്‍ക്കുമെന്നാണ് ആശങ്ക. ബേക്കല്‍ എഇഒ വി കെ സൈനുദ്ദീന്‍, റെയില്‍വേ ക്ലറിക്കല്‍ ജീവനക്കാരന്‍ ചിത്രരാജ് എന്നിവരുള്‍പ്പെടെ 12 പേരെയാണ് ഇതുവരെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ സിറാജ് ഉള്‍പ്പെടെ നാലുപേര്‍ ഒളിവിലാണ്. പല തവണ പോലിസ് സിറാജിന്റെ വീട്ടില്‍ എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച പോലിസ് എത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന സിറാജ് മതില്‍ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു.
