ന്യൂഡല്‍ഹി: കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും. രാവിലെ 11 മണിക്ക് ഓഫീസിലെത്തുമെന്നാണ് വിവരം. നേരത്തെ ടിവികെ ഭാരവാഹികളായ ബുസി ആനന്ദ്, ആധവ് അര്‍ജുന, സി ടി ആര്‍ നിര്‍മല്‍കുമാര്‍, മതിയഴകന്‍ എന്നിവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഇന്നലെ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള സംഘം വിജയ്‌യുടെ കാരവാനിലടക്കം ഫോറന്‍സിക് പരിശോധന നടത്തിയിരുന്നു. അതേസമയം, വിജയ്ക്ക് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ഡല്‍ഹി പോലിസ് അറിയിച്ചു.
കരൂര്‍ കേസില്‍ ആദ്യമായാണ് വിജയ്യുടെ മൊഴി രേഖപ്പെടുത്തുന്നത്. നാളെ ഡല്‍ഹി ഓഫിസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് വിജയ്ക്ക് സിബിഐ സമന്‍സ് അയച്ചിരുന്നു. നാളെ രാവിലെ പ്രത്യേക വിമാനത്തില്‍ വിജയ് ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് തിരിക്കും. രണ്ടു ദിവസം വിജയ് ഡല്‍ഹിയില്‍ തുടരുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. 13ന് വൈകിട്ടാകും വിജയ് ചെന്നൈയിലേക്ക് തിരിക്കുക. വിമാനത്താവളം, ഹോട്ടല്‍, സിബിഐ ഓഫീസ് എന്നിവിടങ്ങളിലും വിജയ് യാത്രചെയ്യുന്ന റോഡിലും സുരക്ഷയൊരുക്കുമെന്നും പോലിസ് അറിയിച്ചു.
ഇന്നലെ വിജയ്യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു. കരൂരിലെ സിബിഐ ഓഫിസിലെത്തിച്ച് വാഹനം പരിശോധിച്ച ശേഷം ഉപാധികളോടെ വിട്ടുനല്‍കി. 2025 സെപ്റ്റംബര്‍ 24നാണ് കരൂരിലെ വിജയുടെ റാലിക്കിടെ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തുടര്‍ന്ന് ടിവികെ അവശ്യപ്രകാരമാണ് സുപ്രിംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വിജയ് നായകനായ ജനനായകന്‍ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കണം എന്നാവശ്യപ്പെട്ടുള്ള അപ്പീലും നാളെ സുപ്രിംകോടതിക്കു മുന്നില്‍ എത്തിയേക്കും.
