ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മൗനം വെടിഞ്ഞ് നടനും ടിവികെ നേതാവുമായ വിജയ്. സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്ന് വിജയ് പറഞ്ഞു. ജനങ്ങളെ കാണാന്‍ എത്തിയത് സ്‌നേഹം കൊണ്ടാണെന്നും ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ മനസില്‍ അത്രത്തോളം വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരും ടിവികെ പ്രവര്‍ത്തകരെ ലക്ഷ്യം വയ്ക്കരുതെന്നും തന്നെ ലക്ഷ്യം വച്ചോളു എന്നും താന്‍ ഒക്കെ ഏറ്റുകൊള്ളാം എന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ക്ക് അനുവദിച്ച സ്ഥലത്താണ് സംസാരിച്ചത്. എല്ലാ സത്യവും പുറത്തുവരും. അഞ്ചുജില്ലകളില്‍ പ്രശ്‌നങ്ങളില്ലായിരുന്നു. കരൂരില്‍ മാത്രം എങ്ങനെ ദുരന്തം ഉണ്ടായി എന്നും വിജയ് ചോദിച്ചു. ജനങ്ങളെ കാണാന്‍ എത്തിയത് സ്‌നേഹം ഒന്നു കൊണ്ടു മാത്രമാണെന്നും എന്നാല്‍ ഇപ്പോള്‍ ഉണ്ടായ ദുഖം പോലൊന്ന് മുമ്പ് ഉണ്ടായിട്ടില്ലെന്നും വിജയ് പറഞ്ഞു. തന്റെ മേലുള്ള ശത്രുത തന്നോട് തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലുള്ളവരെ വൈകാതെ സന്ദര്‍ശിക്കുമെന്നും വിജയ് പറഞ്ഞു.
അതേസമയം, കരൂരിലെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവത്തില്‍ ടിവികെ പ്രവര്‍ത്തകന്‍ പൗണ്‍ രാജിനെ ഒക്ടോബര്‍ 14 വരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പൗണ്‍ രാജിനെ കൂടാതെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയും പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. റാലിക്കായി കൊടിമരങ്ങളും ഫ്ലക്സ് ബാനറുകളും ഒരുക്കിയത് പൗണ്‍ രാജാണ്. ഒളിവില്‍ കഴിയുന്നതിനിടെയാണ് മതിയഴകന്‍ അറസ്റ്റിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ അഞ്ചുവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.