ചെന്നൈ: കരൂര്‍ അപകടത്തിനു പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വിഴുപ്പുറത്തെ ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പനെയാണ് ആത്മഹത്യ ചെയ്തത നിലയില്‍ കണ്ടെത്തിയത്. മുന്‍മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തില്‍ ബാലാജിക്കെതിരെ ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. സെന്തില്‍ ബാലാജിയുടെ സമ്മര്‍ദം കാരണം കരൂരിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് ആത്മഹത്യാകുറിപ്പിലെ ആരോപണം. അയ്യപ്പന്‍ മുന്‍പ് വിജയ് ആരാധകകൂട്ടായ്മയുടെ ഭാരവാഹിയായിരുന്നു. ടിവി വാര്‍ത്തകള്‍ കണ്ട് അയ്യപ്പന്‍ അസ്വസ്ഥനായിരുന്നതായി കുടുംബം പറയുന്നു. അയ്യപ്പന്റെ ഫോണ്‍ പോലിസ് പിടിച്ചെടുത്തു.
കരൂരിലെ അപകടത്തില്‍ കൂടുതല്‍ ടിവികെ നേതാക്കളെ ഇന്ന് അറസ്റ്റു ചെയ്‌തേക്കും. കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെ ഇന്നലെ പോലിസ് അറസ്റ്റ് ചെയ്തു. ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ജോയിന്റ് ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍ എന്നിവരെ അറസ്റ്റു ചെയ്യാനാണ് പോലിസ് തീരുമാനം. അതിനിടെ, സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ഇടക്കാല റിപോര്‍ട്ട് ഉടന്‍ നല്‍കും.