കരൂര്‍ ദുരന്തം: ടിവികെ പ്രവര്‍ത്തകന്‍ പൗണ്‍ രാജിനെ ഒക്ടോബര്‍ 14 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Update: 2025-09-30 10:18 GMT

ചെന്നൈ: കരൂരിലെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവത്തില്‍ ടിവികെ പ്രവര്‍ത്തകന്‍ പൗണ്‍ രാജിനെ ഒക്ടോബര്‍ 14 വരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പൗണ്‍ രാജിനെ കൂടാതെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയും പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. റാലിക്കായി കൊടിമരങ്ങളും ഫ്‌ലക്‌സ് ബാനറുകളും ഒരുക്കിയത് പൗണ്‍ രാജാണ്. ഒളിവില്‍ കഴിയുന്നതിനിടെയാണ് മതിയഴകന്‍ അറസ്റ്റിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ അഞ്ചുവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ് കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നാണ് റിപോര്‍ട്ട്. പണയൂരിലെ വീട്ടിലായിരുന്ന വിജയ്, രാവിലെ പറ്റണംപക്കത്തെ വീട്ടിലേക്ക് മാറി. ടിവികെയുടെ രണ്ടാമത്തെ ഓഫീസ് ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനിടെ രാഹുല്‍ ഗാന്ധി വിജയ്യെ ഫോണില്‍ വിളിച്ചു വിവരങ്ങള്‍ തേടി. ടിവികെ റാലിയില്‍ ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ അനുശോചനം അറിയിച്ചെന്നും ഫോണ്‍ വിളിക്ക് രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നുമാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.

കരൂരിലെ ദുരന്തഭൂമി സന്ദര്‍ശിക്കാന്‍ അനുമതി തേടി വിജയ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. സന്ദര്‍ശനത്തിന് പോലിസും ജില്ലാ ഭരണകൂടവും തടസ്സം നില്‍ക്കരുതെന്ന് ആവശ്യപ്പെട്ടാണ് ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുന മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. കരൂര്‍ ദുരന്തത്തില്‍ പോലിസ് രജിസ്ട്രര്‍ ചെയ്ത കേസിലെ എഫ്ഐആറില്‍ ടിവികെ അധ്യക്ഷന്‍ വിജയ്ക്കെതിരെ ഗുരുതര ആരോപണമുണ്ട്. വിജയ് മനപ്പൂര്‍വം റാലിക്കെത്താന്‍ നാല് മണിക്കൂര്‍ വൈകിയെന്നാണ് എഫ്ഐആറിലുള്ളത്. കരൂരില്‍ അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയതെന്നും എഫ്ഐആറിലുണ്ട്. ജനക്കൂട്ടത്തെ ആകര്‍ഷിക്കാനും പാര്‍ട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നു അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതെന്നും അനുമതി ഇല്ലാതെ വാഹനം റോഡില്‍ നിര്‍ത്തി സ്വീകരണം ഏറ്റുവാങ്ങിയെന്നും എഫ്ഐആറിലുണ്ട്.

കരൂര്‍ അപകടത്തിനു പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കിയിരുന്നു. വിഴുപ്പുറത്തെ ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പനെയാണ് ആത്മഹത്യ ചെയ്തത നിലയില്‍ കണ്ടെത്തിയത്. മുന്‍മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തില്‍ ബാലാജിക്കെതിരെ ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. സെന്തില്‍ ബാലാജിയുടെ സമ്മര്‍ദം കാരണം കരൂരിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് ആത്മഹത്യാകുറിപ്പിലെ ആരോപണം. അയ്യപ്പന്‍ മുന്‍പ് വിജയ് ആരാധകകൂട്ടായ്മയുടെ ഭാരവാഹിയായിരുന്നു. ടിവി വാര്‍ത്തകള്‍ കണ്ട് അയ്യപ്പന്‍ അസ്വസ്ഥനായിരുന്നതായി കുടുംബം പറയുന്നു.

Tags: