കരൂര്‍ ദുരന്തം; നടനും ടിവികെ നേതാവുമായ വിജയ്‌യെ ഇന്ന് സിബിഐ ചോദ്യം ചെയ്യും
ചെന്നൈ: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് നടനും ടിവികെ നേതാവുമായ വിജയ് യെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. 11 മണിക്കാണ് ഡല്‍ഹിയിലെ സിബിഐ ഓഫിസില്‍ വിജയ് ചോദ്യം ചെയ്യലിന് ഹാജരാകുക.
നേരത്തെ, ടിവികെ പാര്‍ട്ടി നേതാക്കളായ എന്‍.ആനന്ദ്, ആദവ് അര്‍ജുന, നിര്‍മല്‍ കുമാര്‍ എന്നിവരെ രണ്ടു തവണ സിബിഐ ചോദ്യം ചെയ്തിരുന്നു. വിജയ്യെ ആദ്യമായാണ് ചോദ്യം ചെയ്യുന്നത്. കരൂര്‍ ദുരന്ത സമയത്ത് വിജയ് ഉപയോഗിച്ചിരുന്ന പ്രചാരണ വാഹനവും കഴിഞ്ഞ ദിവസം സിബിഐ വിശദമായി പരിശോധിച്ചിരുന്നു.
കരൂരില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പോലിസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ വിജയ് തന്നെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ഡിഎംകെ സര്‍ക്കാരിന്റെ പ്രതികാര നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ സിബിഐ അന്വേഷണം സഹായിക്കുമെന്നായിരുന്നു വിജയ്‌യുടെ പ്രചാരണ തന്ത്രജ്ഞന്‍ ആധവ് അര്‍ജുനന്റെ ഉപദേശം.