കരൂര്‍ ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് വിജയ്, മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നല്‍കും
പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വിജയ്യുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍മരിച്ചിരുന്നു.
'ഇത് ഞങ്ങള്‍ക്ക് നികത്താനാവാത്ത നഷ്ടമാണ്. ആരൊക്കെ ആശ്വാസ വാക്കുകള്‍ പറഞ്ഞാലും, നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തതാണ്. എന്നിരുന്നാലും, നിങ്ങളുടെ കുടുംബത്തിലെ ഒരംഗമെന്ന നിലയില്‍, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 20 ലക്ഷം രൂപയും, പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് 2 ലക്ഷം രൂപയും നല്‍കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇത്രയും വലിയൊരു നഷ്ടത്തിന് മുന്നില്‍ ഈ തുക ഒന്നുമല്ല. എങ്കിലും, ഈ അവസ്ഥയില്‍ ഒരു കുടുംബാംഗമെന്ന നിലയില്‍ നിങ്ങളോടൊപ്പം നില്‍ക്കേണ്ടത് എന്റെ കടമയാണെന്ന് വിജയ് എക്‌സില്‍ കുറിച്ചു.
'കരൂരില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍, ഭാവനയ്ക്കതീതമായ വിധത്തില്‍, എന്റെ ഹൃദയവും മനസ്സും അഗാധമായ ഭാരത്താല്‍ നിറഞ്ഞിരിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ അതിയായ ദുഃഖത്തിനിടയില്‍ വാക്കുകള്‍ കിട്ടുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് ദുഃഖിക്കുന്ന നിങ്ങള്‍ക്ക് അഗാധമായ അനുശോചനം അറിയിക്കുന്നതോടൊപ്പം, ഈ വലിയ ദുഃഖത്തില്‍ നിങ്ങളുടെ ഹൃദയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നു. നമ്മുടെ പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്ന വേദനയോടെ എന്റെ അഗാധമായ അനുശോചനം അറിയിക്കുകയാണ്' വിജയ് കുറിച്ചു.
'പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന എല്ലാ പ്രിയപ്പെട്ടവരും വേഗത്തില്‍ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിവരാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. അതോടൊപ്പം, ചികില്‍സയില്‍ കഴിയുന്ന പ്രിയപ്പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും തമിഴക വെട്രി കഴകം ഉറപ്പായും നല്‍കുമെന്നും ഞാന്‍ ഉറപ്പുനല്‍കുന്നുവെന്നും' വിജയ് വ്യക്തമാക്കി.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപയും ചികില്‍സയിലുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു. അപകടത്തെതുടര്‍ന്ന് ടി വി കെ ജനറല്‍ സെക്രട്ടറി ആനന്ദ്, ജോയിന്റ് സെക്രട്ടറി നിര്‍മ്മല്‍ കുമാര്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

