കേരളം പാസാക്കിയ മലയാള ഭാഷാ ബില്ലിനെതിരേ രാഷ്ട്രപതിയെ സമീപിക്കാന്‍ കര്‍ണാടക
ബെംഗളൂരു: കേരള സര്‍ക്കാര്‍ പാസാക്കിയ മലയാള ഭാഷാ ബില്ലിനെതിരേ രാഷ്ട്രപതിയെ സമീപിക്കാന്‍ കര്‍ണാടക. കാസര്‍കോട് ഉള്‍പ്പെടേയുള്ള അതിര്‍ത്തി ജില്ലകളിലേയും കന്നഡിഗരുടേയും താല്‍പ്പര്യങ്ങളെ ബാധിക്കുന്നതിനാല്‍ ബില്ല് അംഗീകരിക്കരുതെന്ന് അഭ്യര്‍ത്ഥിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റേയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘം രാഷ്ട്രപതിയെ കാണുമെന്ന് സാംസ്‌കാരിക മന്ത്രി ശിവരാജ് തങ്കദ്ഗി പറഞ്ഞു. ഭാഷാ ന്യൂനപക്ഷ വകുപ്പിന്റെ ഒരു സംഘത്തെ അന്വേഷിച്ച് റിപോര്‍ട്ട് അയയ്ക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടും.
കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന കന്നഡിഗര്‍ക്ക് വിരുദ്ധമാണ് മലയാള ഭാഷാ ബില്ലെന്ന് തങ്കദ്ഗി പറഞ്ഞു. കാസര്‍കോട് മാത്രം 7.5 ലക്ഷം കന്നഡിഗന്മാരുണ്ട്, 210 കന്നഡ മീഡിയം സ്‌കൂളുകളുമുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 350 ബിയിലെ വ്യവസ്ഥകള്‍ പ്രകാരം, കേരള സര്‍ക്കാര്‍ അയച്ച ബില്ലിന് അംഗീകാരം നല്‍കരുതെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായും ഉപമുഖ്യമന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. മലയാള ഭാഷാ ബില്ല് അംഗീകരിക്കരുതെന്ന് കേരള ഗവര്‍ണറോട് ആവശ്യപ്പെടും. ബില്ലിനെക്കുറിച്ച് കേരള മുഖ്യമന്ത്രിക്ക് കത്തെഴുതാനും മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്തും. കര്‍ണാടക അതിര്‍ത്തി പ്രദേശ വികസന അതോറിറ്റിയും ബില്ലിനെതിരേ സര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കന്നഡ മാതൃഭാഷയായുള്ള കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. കേരളം പാസാക്കിയ മലയാള ഭാഷാ ബില്ലിന് അംഗീകാരം നല്‍കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കര്‍ണാടക അതിര്‍ത്തി വികസന അതോറിറ്റി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറെ കണ്ടതിന് തൊട്ടുപിന്നാലെയാണ് സിദ്ദരാമയ്യയുടെ നീക്കം. 'ന്യൂനപക്ഷങ്ങളുടെ ഭാഷാപരമായ ഭരണഘടനാവകാശങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണിത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിഷേധിക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഭൂമിശാസ്ത്രപരമായി കാസര്‍കോട് കേരളത്തിലായിരിക്കാം. എന്നാല്‍, വൈകാരികമായി കര്‍ണാടകയുമായാണ് അത് അടുത്തുകിടക്കുന്നത്.' സിദ്ദരാമയ്യ വ്യക്തമാക്കി.

