ബെംഗളൂരു: കര്‍ണാടകയില്‍ പോലിസുകാര്‍ക്ക് ജന്മദിനത്തിലും വിവാഹ വാര്‍ഷികദിനത്തിലും അവധി നല്‍കാന്‍ ഉത്തരവ്. കര്‍ണാടക ഡിജിപിയാണ് ഉത്തരവിറക്കിയത്. പോലിസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. ജന്മദിനങ്ങളിലും വിവാഹ വാര്‍ഷികങ്ങളിലും പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക കാഷ്വല്‍ ലീവ് അനുവദിച്ചുകൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് (ഡിജിപി)സലീമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പോലിസുകാരുടെ സമ്മര്‍ദം കുറയ്ക്കുകയും മാനസികാരോഗ്യവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്ന് ഡിജിപി പറഞ്ഞു.
പോലിസുകാര്‍ നേരിടുന്ന കടുത്ത ജോലി സമ്മര്‍ദ്ദം തിരിച്ചറിയുന്നതിനും പ്രൊഫഷണല്‍ ഉത്തരവാദിത്തങ്ങളും വ്യക്തിജീവിതവും തമ്മില്‍ മികച്ച സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ അവരെ സഹായിക്കുന്നതിനുമാണ് ഈ തീരുമാനം. പലപ്പോഴും നീണ്ട ജോലി സമയവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളും കാരണം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനോ വ്യക്തിപരമായ ആഘോഷങ്ങളില്‍ പങ്കെടുക്കാനോ പോലിസുകാര്‍ക്ക് സാധിക്കാറില്ല. പ്രത്യക അവധി പ്രഖ്യാപിച്ചതോടെ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജന്മദിനത്തിലും വിവാഹ വാര്‍ഷികത്തിലും അവധിക്ക് അര്‍ഹതയുണ്ടാകും. വ്യക്തിപരമായ വിശേഷദിവസങ്ങളില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഈ അവധി സഹായിക്കും.
കാഷ്വല്‍ ലീവ് വ്യവസ്ഥകളുടെ ഭാഗമായിട്ടായിരിക്കും ഈ അവധി അനുവദിക്കുകയെന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനമൊട്ടാകെ ഈ നിര്‍ദേശം നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കിയതായും ഇതിലൂടെ മികച്ച തൊഴില്‍ സാഹചര്യം സൃഷ്ടിക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ. പോലിസ് സേവനത്തിന്റെ വെല്ലുവിളി നിറഞ്ഞ സ്വഭാവവും മാനസികാരോഗ്യത്തെ പിന്തുണയ്‌ക്കേണ്ടതിന്റെ ആവശ്യകതയും ഈ നീക്കം അംഗീകരിക്കുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രത്യേക ദിവസങ്ങളില്‍ ജീവനക്കാര്‍ക്ക് അവധിയെടുക്കാന്‍ അനുവദിക്കുന്നതിലൂടെ, സേനയിലുടനീളം സമ്മര്‍ദ്ദം കുറയ്ക്കാനും മനോവീര്യം മെച്ചപ്പെടുത്താനാകുമെന്ന് വകുപ്പ് പ്രതീക്ഷിക്കുന്നു.

