പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂടുന്നത് വിലക്കുന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി

Update: 2025-10-28 09:52 GMT

ബെംഗളൂരു: പത്തില്‍ കൂടുതല്‍ ആളുകള്‍ പൊതുസ്ഥലങ്ങളില്‍ കൂടുന്നത് വിലക്കുന്ന സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ച് കര്‍ണാടക ഹൈക്കോടതി. പുനശ്ചേഥന സേവാ സമസ്‌തേ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് നാഗരത്‌ന അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

10 പേരില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടുന്നത് നിയമവിരുദ്ധമായി കണക്കാക്കുകയും ബിഎന്‍എസ് പ്രകാരം ശിക്ഷിക്കപ്പെടുകയും ചെയ്യാവുന്ന 2025 ഒക്ടോബര്‍ 18 ലെ ഉത്തരവിനെയാണ് ഹരജിയില്‍ ചോദ്യം ചെയ്തത്. ഉത്തരവ് ഭരണഘടനാ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.

ഒക്ടോബര്‍ 19ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റൂട്ട് മാര്‍ച്ചുകള്‍ നടത്താന്‍ ആര്‍എസ്എസ് പദ്ധതിയിടുന്നതിന് ഒരു ദിവസം മുമ്പാണ് സര്‍ക്കാര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കോര്‍പ്പറേഷന്റെയോ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ളതും പരിപാലിക്കുന്നതുമായ ഏതെങ്കിലും ബോര്‍ഡിന്റെയോ പരിധിയില്‍ വരുന്ന റോഡ്, പാര്‍ക്ക്, കളിസ്ഥലം, ജലാശയം അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥാപനം എന്നിങ്ങനെയുള്ള സര്‍ക്കാര്‍ സ്വത്തില്‍ ഘോഷയാത്രയോ റാലിയോ നടത്തുന്നതിന് ആളുകളെ കൂട്ടുന്നത് നിയമവിരുദ്ധമാണെന്ന് ഉത്തരവില്‍ പറയുന്നു.

Tags: