ക്ഷേത്രത്തിന് സമീപം ഇസ്‌ലാം പ്രചരിപ്പിച്ചെന്ന കേസ് റദ്ദാക്കി

Update: 2025-07-24 05:38 GMT

ബംഗളൂരു: ജാംഖണ്ഡിയിലെ രാംതീര്‍ത്ഥ ക്ഷേത്രത്തിന് സമീപം ഇസ്‌ലാം മതം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. മുസ്തഫ, അലി സാബ്, സുലൈമാന്‍ എന്നിവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലിസ് പറയുന്നു. മൂന്നു പേരും ഇസ്‌ലാമിനെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ റോഡില്‍ നിന്ന് വിതരണം ചെയ്യുകയായിരുന്നു. ഇതുകണ്ട രമേശ് മല്ലപ്പ നവി എന്നയാള്‍ മൂന്നുപേരെയും ചോദ്യം ചെയ്തു. അല്ലാഹു അല്ലാതെ മറ്റൊരു ദൈവവുമില്ലെന്നും മറ്റു ദൈവങ്ങളെല്ലാം കാഫിറുകളാണെന്നും മൂന്നു പേരും പറഞ്ഞുവെന്നാണ് രമേശ് ആരോപിച്ചത്. ലോകം മുഴുവന്‍ ഇസ്‌ലാമിന് കീഴില്‍ ആക്കുമെന്നും തങ്ങളുടെ പ്രവൃത്തികളെ ആരെങ്കിലും തടസപ്പെടുത്തിയാല്‍ അവരെ വെറുതെവിടില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും രമേശ് പോലിസില്‍ പരാതി നല്‍കി. ഈ കേസ് റദ്ദാക്കാനാണ് മുസ്തഫയും അലിയും സുലൈമാനും ഹൈക്കോടതിയെ സമീപിച്ചത്. അല്ലാഹുവിന്റെയും പ്രവാചകന്‍ മുഹമ്മദ് നബിയുടെയും അധ്യാപനങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റമല്ലെന്ന് ഹരജിക്കാര്‍ വാദിച്ചു.

ആരോപണ വിധേയര്‍ ആരെയെങ്കിലും മതപരിവര്‍ത്തനം ചെയ്തതായോ മതപരിവര്‍ത്തനത്തിന് ശ്രമിച്ചതായോ ആരോപണമില്ലെന്ന് ജസ്റ്റിസ് ടി വെങ്കട്ടനായക്ക് ചൂണ്ടിക്കാട്ടി. എഫ്‌ഐആറിലെ ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുത്താല്‍ തന്നെ മതപരിവര്‍ത്തന നിരോധന നിയമത്തില്‍ പറയുന്ന കുറ്റമാവില്ല. തട്ടിപ്പിലൂടെ മതം മാറ്റുന്നതാണ് നിയമം തടയുന്നത്. ആരെയെങ്കിലും തട്ടിപ്പിലൂടെ മതം മാറ്റിയെന്ന ആരോപണം നിലവില്‍ ഇല്ല. റോഡില്‍ കൂടെ പോയ ആളാണ് പരാതിക്കാരന്‍. അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന് ജഡ്ജി വ്യക്തമാക്കി.