ബെംഗളൂരു: സ്ത്രീകളെ ദൈവങ്ങള്‍ക്ക് നേര്‍ച്ചയായി സമര്‍പ്പിക്കുന്ന ദേവദാസി ആചാരം നിരോധിക്കുന്ന നിയമം കര്‍ണാടക സര്‍ക്കാര്‍ പാസാക്കി. കര്‍ണാടകയിലെ വിവിധ സാമൂഹിക തിന്മകളെ നേരിടുന്നതിന്റെ ഭാഗമായാണ് നിയമം പാസാക്കിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുന്‍ ദേവദാസികള്‍ക്ക് സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും മുന്നോട്ടുപോവാനുള്ള സഹായങ്ങള്‍ നല്‍കാനുള്ള വ്യവസ്ഥ നിയമത്തിലുണ്ട്. ദേവദാസികള്‍ക്ക് കുട്ടികളുണ്ടെങ്കിലും അവരുടെ പിതാവിനെ കണ്ടെത്തി നിയമപരമായ ഉത്തരവാദിത്തം ഏല്‍പ്പിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.
സംസ്ഥാനത്തെ ദേവദാസികളെ കണ്ടെത്താനുള്ള സര്‍വേ അടുത്തമാസം ആരംഭിക്കും. കണക്കെടുക്കുന്ന ദേവദാസിമാരുടെ കുറഞ്ഞപ്രായം 45 ആയി നിശ്ചയിച്ചതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. പ്രായപരിധിയില്ലാതെ എല്ലാവരെയും സര്‍വേയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. തുടര്‍ന്നാണ് നടപടികള്‍ വീണ്ടും ആരംഭിച്ചത്. ഇതിനുമുന്‍പ് 2008-ലാണ് സര്‍വേനടത്തിയത്. സംസ്ഥാനത്ത് 40,000 ദേവദാസികളുണ്ടെന്ന് ഇതില്‍ കണ്ടെത്തിയിരുന്നു.