മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യണമെന്ന് ബിജെപി നേതാവ്

Update: 2025-06-02 14:32 GMT

കല്‍ബുര്‍ഗി: മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യണമെന്ന് പറഞ്ഞ ബിജെപി നേതാവിനെതിരെ കേസെടുത്തു. കര്‍ണാടകത്തിലെ കല്‍ബുര്‍ഗിയിലെ ബിജെപി നേതാവായ മണികാന്ത നരേന്ദ്ര റാത്തോഡിനെതിരെയാണ് കേസെടുത്തത്. അടുത്തിടെ ലംബാനി നാടോടി വിഭാഗത്തിലെ ഒരു പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് മണികാന്ത മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യണമെന്ന് പറഞ്ഞത്. 'ലവ് ജിഹാദ്' നടത്തുന്നവരെ എട്ടു ദിവസത്തിനുള്ളില്‍ കൊല്ലണമെന്നും പോലിസ് മാറി നിന്നാല്‍ 15 മിനുട്ടില്‍ ജില്ലയിലെ മുസ്‌ലിംകളെ മുഴുവന്‍ കൂട്ടക്കൊല ചെയ്യുമെന്നും പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു വര്‍ഗീയ പ്രസംഗം. കല്‍ബുര്‍ഗി സ്വദേശിയായ സൈദ് അലീം ഇലാഹി നല്‍കിയ പരാതിയിലാണ് സൈബര്‍ പോലിസ് കേസെടുത്തത്.

അതേസമയം, വര്‍ഗീയവിഷം തുപ്പുന്ന പോസ്റ്റ് ഷെയര്‍ ചെയ്ത ഒരു ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകനെ അജെകര്‍ പോലിസ് അറസ്റ്റ് ചെയ്തു. രത്‌നാകര്‍ അമിന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.