കരിപ്പൂര്‍ സ്വര്‍ണവേട്ട; കസ്റ്റംസ് ഉന്നയിച്ച കാര്യങ്ങള്‍ തന്നെയാണ് ഞാന്‍ നേരത്തെ പറഞ്ഞത്: പി വി അന്‍വര്‍

Update: 2025-11-20 08:11 GMT

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണവേട്ടയില്‍ പോലിസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതില്‍ പ്രതികരണവുമായി മുന്‍ എംഎല്‍എ പി വി അന്‍വര്‍. താന്‍ നേരത്തെ ഉന്നയിച്ച കാര്യങ്ങളാണ് ഇതെന്നും ഇപ്പോള്‍ അതിനെ സ്ഥിരീകരിക്കുന്നതാണ് കസ്റ്റംസിന്റെ സത്യവാങ്മൂലമെന്നുമാണ് അന്‍വറിന്റെ പ്രതികരണം. കസ്റ്റംസിന്റെ അധികാരപരിധിയില്‍ കടന്നുകയറി സ്വര്‍ണം കൊള്ളയടിക്കുക എന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് പോലിസ് ഇക്കാര്യങ്ങള്‍ ചെയ്യുന്നതെന്ന് അന്‍വര്‍ പറഞ്ഞു.

കസ്റ്റംസ് പരിധിയില്‍ വരുന്ന ഏതൊരു കള്ളക്കടത്ത് വസ്തുവും മറ്റൊരു ഏജന്‍സിയുടെ ശ്രദ്ധയില്‍ പെടുകയോ പിടിക്കപ്പെടുകയോ ചെയ്താല്‍ ഉടന്‍ തന്നെ പ്രതിയെയും തൊണ്ടിമുതലും കസ്റ്റംസിനെ ഏല്‍പ്പിക്കണമെന്നാണ് നിയമം. ഇത് ചൂണ്ടികാണിച്ച് കസ്റ്റംസ് കലക്ടറും കമ്മീഷണറും നിരവധി തവണ അന്നത്തെ ഡിജിപിക്ക് ഉള്‍പ്പെടെ കത്തെഴുതിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണറാണ് ഹൈക്കോടതിയില്‍ പോലിസിനെതിരേ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കസ്റ്റംസ് ഏരിയയില്‍ സ്വര്‍ണം പിടിക്കാന്‍ പൊലീസിന് അധികാരമില്ലെന്നും സ്വര്‍ണക്കടത്ത് വിവരം ലഭിച്ചാല്‍ പോലിസ് കസ്റ്റംസിനെ അറിയിക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പിടിച്ചെടുത്ത സ്വര്‍ണം പോലിസ് നിയമവിരുദ്ധമായി ഉരുക്കുന്നു. മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങാതെ പോലിസ് വ്യക്തികളുടെ എക്സറേ എടുക്കുന്നു. പോലിസിന്റെ ഈ നടപടി നിയമവിരുദ്ധം. പോലിസ് പിടിച്ച സ്വര്‍ണക്കടത്ത് കേസുകള്‍ കസ്റ്റംസിന് കൈമാറുന്നില്ല എന്നും സത്യവാങ്മൂലത്തിലുണ്ട്.

കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ സ്വര്‍ണം പിടിച്ച 170 കേസുകളുണ്ടെന്നും എന്നാല്‍ അതില്‍ ആറെണ്ണം മാത്രമാണ് കസ്റ്റംസിന് കൈമാറിയതെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

Tags: