വഖ്ഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെന്ന് കപില്‍ സിബല്‍; നിലവിലെ സാഹചര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി

Update: 2025-05-20 09:19 GMT

ന്യൂഡല്‍ഹി: വ്യക്തമായ ഒരു കേസ് തെളിയിക്കപ്പെടുന്നതുവരെ പാര്‍ലമെന്റിനും കോടതികള്‍ക്കും അതില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി. വഖ്ഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത ഹരജികള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്‌യുടെ പരാമര്‍ശം.

വഖ്ഫ് ഭൂമി പിടിച്ചെടുക്കുക എന്നതാണ് വഖ്ഫ് ഭേദഗതി നിയമത്തിന്റെ ലക്ഷ്യമെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. 'ഒരു നടപടിക്രമവും പാലിക്കാതെ വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കുന്ന രീതിയിലാണ് നിയമം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ഇസ് ലാം മത വിശ്വാസം ആചരിക്കുന്ന ഒരാള്‍ക്ക് മാത്രമേ വഖ്ഫ് സൃഷ്ടിക്കാന്‍ കഴിയൂ എന്ന വ്യവസ്ഥയും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഞാന്‍ മരണക്കിടക്കയിലാണെങ്കില്‍ ,വഖ്ഫ് നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞാന്‍ ഒരു മുസ് ലിമാണെന്ന് തെളിയിക്കണം. ഇത് ഭരണഘടനാ വിരുദ്ധമാണ്,' കപില്‍ സിബല്‍ പറഞ്ഞു.

വഖഫ് സ്വത്തുക്കള്‍ ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമം നടപ്പിലാക്കിയതെന്ന് സിബല്‍ ആവര്‍ത്തിച്ചപ്പോള്‍, 'പാര്‍ലമെന്റ് പാസാക്കിയ നിയമനിര്‍മ്മാണത്തില്‍ ഭരണഘടനാ സാധുതയുണ്ട്. കേസില്‍ വ്യക്തത ഉണ്ടാകുന്നതുവരെ കോടതികള്‍ക്ക് അതില്‍ ഇടപെടാന്‍ കഴിയില്ല, പ്രത്യേകിച്ച് നിലവിലെ സാഹചര്യത്തില്‍, കൂടുതല്‍ പറയേണ്ടതില്ലല്ലോ' എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

'നമ്മുടെ ഭരണഘടന പ്രകാരം, മതസ്ഥാപനങ്ങള്‍ക്ക് സംസ്ഥാനത്തിന് ധനസഹായം നല്‍കാന്‍ കഴിയില്ല. പള്ളിയുടെ പരിപാലനത്തിനായി സംസ്ഥാനത്തിന് ധനസഹായം നല്‍കാന്‍ കഴിയില്ല, സ്വകാര്യ സ്വത്ത് ഉപയോഗിച്ചാണ് ശ്മശാനം നിര്‍മ്മിക്കേണ്ടത്. അതിനാല്‍ പലപ്പോഴും ജീവിതാവസാനത്തില്‍ ആളുകള്‍ അവരുടെ സ്വത്തുക്കള്‍ വഖ്ഫായി സമര്‍പ്പിക്കുന്നു. ക്ഷേത്രങ്ങളിലെ പോലെ അവിടെ വഴിപാട് നല്‍കുന്ന രീതി ഇല്ല. പള്ളികള്‍ക്കും ശ്മശാനങ്ങള്‍ക്കും 2000-3000 കോടി രൂപയുടെ മൂലധനം ഇല്ല.' പള്ളികളെയും ക്ഷേത്രങ്ങളെയും താരതമ്യം ചെയ്തുകൊണ്ട് കപില്‍ സിബല്‍ പറഞ്ഞു.

അതേസമയം, ദര്‍ഗകളിലും ഗ്രാന്റുകള്‍ നല്‍കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയപ്പോള്‍, താന്‍ പള്ളികളെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് സിബല്‍ വ്യക്തമാക്കി.

Tags: