നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കല്‍; സോഷ്യല്‍ മീഡിയ പോസ്റ്റ് പിന്‍വലിച്ച് കാന്തപുരത്തിന്റെ ഓഫിസ്

Update: 2025-07-29 05:51 GMT

കോഴിക്കോട്: യെമനില്‍ തടവില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് പിന്‍വലിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഓഫീസ്. ഇന്നലെ രാത്രിയാണ് വധശിക്ഷ പിന്‍വലിച്ചെന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വന്നത്. എന്നാല്‍, അത് പിന്‍വലിച്ചിരിക്കുകയാണ്. വധശിക്ഷ റദ്ദാക്കാന്‍ അനുവദിക്കില്ലെന്നും ശിക്ഷ നടപ്പാക്കുമെന്നാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയ തലാല്‍ മെഹ്ദിയുടെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹ്ദി ആവര്‍ത്തിക്കുന്നത്. തലാലിന്റെ രക്തം വച്ച് വിലപേശാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വധശിക്ഷ ഒഴിവാക്കിയ വിവരം അറിയില്ലെന്നാണ് കേന്ദ്രസര്‍ക്കാരും പറയുന്നത്.