പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ പി അബൂബക്കര്‍ മുസ് ല്യാര്‍

Update: 2026-02-16 15:52 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ അരമണിക്കൂറോളം നടന്ന കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും വിവിധ സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും രാജ്യാന്തര സംഭവങ്ങളും ചര്‍ച്ചയായെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് പ്രധാനമന്ത്രി-കാന്തപുരം മുസ്‌ല്യാര്‍ കൂടിക്കാഴ്ച ആരംഭിച്ചത്. മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ നടത്തിയ കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നുവന്ന വിഷയങ്ങള്‍ അബൂബക്കര്‍ മുസ്‌ല്യാര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. റംസാന്‍ സന്ദേശവും കൈമാറിയ ശേഷമാണ് കൂടിക്കാഴ്ച അവസാനിച്ചത്. കാന്തപുരം മുസ്‌ല്യാര്‍ക്കൊപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, എസ്‌വൈഎസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി എന്നിവരും ഉണ്ടായിരുന്നു.

എല്ലാ ജനവിഭാഗങ്ങളേയും ഉള്‍ക്കൊണ്ടുള്ള വികസനം, സാമ്പത്തിക മുന്നേറ്റത്തിനൊപ്പം സന്തോഷ സൂചികയ്ക്കും മാനവ വികസനത്തിനും നല്‍കേണ്ട പരിഗണന, ജനസംഖ്യാനുപാതികവും പ്രാദേശിക സന്തുലിതവുമായി വിഭവങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം, വഖ്ഫ്-എസ്‌ഐആര്‍ ആശങ്കകള്‍, പുരാതന മസ്ജിദുകളും ഇസ് ലാമിക പൈതൃക സ്മാരകങ്ങളും സംരക്ഷിക്കല്‍, മൗലാനാ ആസാദ് നാഷണല്‍ ഫെല്ലോഷിപ്പ് ഉള്‍പ്പടേയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളുടെ പുനഃസ്ഥാപനം, ബറേലി സംഭവത്തില്‍ ഉള്‍പ്പെടെ നിരപരാധികള്‍ക്ക് ലഭ്യമാവേണ്ട നീതി, മുബാറക്പൂര്‍ ജാമിഅ അശ്‌റഫിയ്യ മുതല്‍ ഉത്തരേന്ത്യയിലെ ഇസ് ലാമിക് സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുക, ദക്ഷിണേന്ത്യയിലെ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ട്രെയിന്‍ സര്‍വീസ്, അലിഗഢ് സര്‍വകലാശാല മലപ്പുറം സെന്റര്‍ വികസനം, രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗവുമായി കേന്ദ്രസര്‍ക്കാര്‍ അടുത്തിടപെടേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ സംസാരവിഷയമായെന്നും കാന്തപുരം മുസ്‌ല്യാര്‍ വിശദമാക്കി.

Tags: