യുവതിയെ തീ കൊളുത്തിയത് വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തതിന്

Update: 2025-08-22 14:43 GMT

കണ്ണൂര്‍: മയ്യില്‍ കുറ്റിയാട്ടൂര്‍ ഉരുവച്ചാലില്‍ യുവതിയെ യുവാവ് തീ കൊളുത്തി കൊന്നത് വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തതിന്റെ പ്രതികാരത്തിലെന്ന് പോലിസ് സംശയിക്കുന്നു. മരിച്ച കാരപ്രത്ത് ഹൗസില്‍ പ്രവീണയും തീ കൊളുത്തിയ പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസില്‍ ജിജേഷും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു എന്നാണ് അനുമാനം.

ഇരുവരും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്നു. സൗഹൃദം അതിരു കടന്നപ്പോഴാണ് പ്രവീണ ഇയാളെ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തത്. പ്രവീണയുടെ മൊബൈല്‍ പൂര്‍ണമായും കത്തിക്കരിഞ്ഞു. ജിജേഷിന്റെ ഫോണ്‍ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജിജേഷിനെതിരെ പോലിസ് കൊലക്കുറ്റത്തിന് കേസെടുത്തു. പ്രവീണയെ തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ ഇയാള്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രവീണയുടെ മൃതദേഹം ഇന്നലെ വൈകിട്ട് സംസ്‌കരിച്ചു. ബുധനാഴ്ച ഉച്ചയ്ക്കാണ് ജിജേഷ് പ്രവീണയെ വീട്ടിലെത്തി തീ കൊളുത്തിയത്. വെള്ളം ആവശ്യപ്പെട്ടെത്തിയ ജിജേഷ് വീടിനുള്ളിലേക്കു കയറി. വീടിനു പിറകുവശത്തുണ്ടായിരുന്ന പ്രവീണയെ, കയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രവീണയുടെ വസ്ത്രം മുഴുവന്‍ കത്തിക്കരിഞ്ഞ് ശരീരം പൂര്‍ണമായും പൊള്ളിയ നിലയിലായിരുന്നു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവീണ ഇന്നലെ പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി.