കണ്ണൂരില്‍ മോഷണം നടന്ന വീട്ടിലെ മരുമകള്‍ കര്‍ണാടകത്തില്‍ കൊല്ലപ്പെട്ട നിലയില്‍
കണ്ണൂര്‍: കല്യാട് ചുങ്കസ്ഥാനത്ത് പട്ടാപ്പകല്‍ വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ വഴിത്തിരിവ്. മോഷണം നടന്ന വീട്ടിലെ യുവാവിന്റെ ഭാര്യയെ കര്‍ണാടകത്തിലെ സാലിഗ്രാമത്തിലെ ലോഡ്ജില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. യുവതി കൊല്ലപ്പെട്ട വിവരം ഇന്നാണ് ഇരിട്ടി പോലിസിന് ലഭിച്ചത്. വെള്ളിയാഴ്ചയാണ് സിബ്ഗ കോളജിനു സമീപം പുള്ളിവേട്ടയ്ക്കൊരു മകന്‍ ക്ഷേത്രത്തിനടുത്ത് അഞ്ചാംപുര വീട്ടില്‍ കെ സി സുമതയുടെ വീട്ടില്‍ മോഷണം നടന്നത്. മുന്‍ഭാഗത്തെ വാതില്‍ തുറന്ന് അകത്തുകയറിയ മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാരയിലെ തുണികള്‍ വാരിവലിച്ച് താഴെയിട്ടു. അലമാരയുടെ താക്കോല്‍ അടുത്തുതന്നെ ഉണ്ടായിരുന്നു. ഈ താക്കോല്‍ ഉപയോഗിച്ച് അലമാര തുറന്നാണ് 30 പവന്‍ സ്വര്‍ണാഭരണങ്ങളും അഞ്ചുലക്ഷം രൂപയും കവര്‍ന്നത്.
സുമതയുടെ മകന്‍ സുഭാഷ് ജോലി ആവശ്യത്തിന് വിദേശത്താണുള്ളത്. സുമതയും മറ്റൊരു മകന്‍ സൂരജും വെള്ളിയാഴ്ച രാവിലെ ചെങ്കല്‍പണയില്‍ ജോലിക്ക് പോയതായിരുന്നു. ഇവര്‍ പോയതിന് പിന്നാലെയാണ് സുഭാഷിന്റെ ഭാര്യ ദര്‍ശിത രണ്ടര വയസ്സുള്ള മകളോടൊപ്പം വീട് പൂട്ടി കര്‍ണാടകയിലെ സ്വന്തം വീട്ടിലേക്ക് പോയതായി പറയുന്നത്. സുമത വൈകീട്ട് 4:30ന് തിരിച്ചെത്തിയപ്പോഴാണ് മോഷണക്കാര്യം അറിഞ്ഞത്.
കേസന്വേഷണത്തിന്റെ ഭാഗമായി ദര്‍ശിതയെ ബന്ധപ്പെടാന്‍ ഇരിട്ടി പോലിസ് ശ്രമിച്ചിരുന്നു. എന്നാല്‍, അവരുമായി സംസാരിക്കാന്‍ സാധിച്ചില്ല. പിന്നെ അവര്‍ കൊല്ലപ്പെട്ട വിവരമാണ് പോലിസിന് ലഭിച്ചത്. ദര്‍ശിതയുടെ കൊലപാതകത്തില്‍ കര്‍ണാടക സ്വദേശിയായ ഒരാള്‍ കര്‍ണാടക പോലിസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. കൊലപാതകത്തിലും മോഷണത്തിലും ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
