മദ്യപിച്ചവര്‍ക്ക് യാത്രാ വിലക്കുമായി കണ്ണൂര്‍ റെയില്‍വേ: സ്റ്റേഷനില്‍ പരിശോധന കര്‍ശനമാക്കി

രണ്ടാഴ്ച നീളുന്ന പരിശോധന കാംപെയ്ന്‍ ആരംഭിച്ച് കണ്ണൂര്‍ റെയില്‍വേ അധികൃതര്‍

Update: 2025-11-05 12:05 GMT

കണ്ണൂര്‍: ട്രെയിനുകളിലും സ്റ്റേഷനുകളിലും അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പരിശോധന കര്‍ശനമാക്കി. മദ്യപിച്ചെന്നു കണ്ടെത്തിയാല്‍ യാത്ര അനുവദിക്കാതിരിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. രണ്ടാഴ്ച നീളുന്ന പരിശോധന കാംപെയ്ന്‍ ആരംഭിച്ചു. റെയില്‍വേ ഉദ്യോഗസ്ഥര്‍, ആര്‍പിഎഫ്, റെയില്‍വേ പോലിസ് എന്നിവരുടെ നേതൃത്വത്തിലാണു പരിശോധനയും ബോധവല്‍ക്കരണവും.

മദ്യപിച്ചിട്ടുണ്ടോയെന്നു കണ്ടെത്താന്‍ ബ്രെത്ത് അനലൈസര്‍ സംവിധാനം ഉപയോഗിച്ചു പരിശോധിക്കുന്നുണ്ട്. യാത്രക്കാരെ ശല്യപ്പെടുത്തുന്നവര്‍ക്കെതിരേ നടപടിയുണ്ടാകും. യാചകരെ നിയന്ത്രിക്കും. മദ്യപിച്ചു പ്ലാറ്റ്‌ഫോമുകളില്‍ അലഞ്ഞു തിരിയാനും കിടന്നുറങ്ങാനും അനുവദിക്കില്ല. പരിശോധനയ്ക്കും ബോധവല്‍ക്കരണത്തിനും സ്റ്റേഷന്‍ മാനേജര്‍ എസ് സജിത്ത് കുമാര്‍, ഡപ്യൂട്ടി കമേഴ്‌സ്യല്‍ മാനേജര്‍ കോളിന്‍സ്, ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ വര്‍ഗീസ്, റെയില്‍വേ പോലിസ് എസ്‌ഐ സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.