കണ്ണൂരില്‍ ഒരാള്‍ കൂടി ജയില്‍ചാടാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് റിപോര്‍ട്ട്
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ പഴയ ബ്ലോക്കുകള്‍ക്കെല്ലാം കാലപ്പഴക്കത്താല്‍ ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും സുരക്ഷാഭീഷണിയുണ്ടെന്നും ജയില്‍ ഡിഐജിയുടെ റിപോര്‍ട്ട്. ഇത്തരം കെട്ടിടങ്ങള്‍ ജയില്‍ച്ചാട്ടത്തിന് കാരണമാണെന്ന് രഹസ്യാന്വേഷണവിഭാഗവും റിപ്പോര്‍ട്ട് നല്‍കി. 10 പഴയ ബ്ലോക്കുകളും ഒരു പുതിയ ബ്ലോക്കുമാണ് ജയിലിലുള്ളത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പഴയ ബ്ലോക്കുകളുടെ ഓടുമേഞ്ഞ മേല്‍ക്കൂരയില്‍ ചോര്‍ച്ച കാരണം പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചുകെട്ടിയിട്ടുണ്ട്.
നിരവധി കേസുകളിലെ പ്രതികളെയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയും പാര്‍പ്പിക്കുന്ന അതിസുരക്ഷയുള്ള 10ാം നമ്പര്‍ ബ്ലോക്കും ജീര്‍ണാവസ്ഥയിലാണ്. പ്രധാന കവാടം കഴിഞ്ഞ് വലതുഭാഗത്ത് വാച്ച് ടവറിന് അടുത്തായി ചതുരാകൃതിയിലുള്ള കെട്ടിടമാണ് പത്താം ബ്ലോക്ക്. ഇതില്‍ എ, ബി, സി, ഡി എന്നീ സെല്ലുകളുമുണ്ട്. ഓടുമേഞ്ഞ കെട്ടിടമാണിത്. റിപ്പര്‍ ജയാനന്ദന്‍ ഇതേ പത്താംനമ്പര്‍ ബ്ലോക്കില്‍നിന്ന് തടവ് ചാടിയിരുന്നു.
ജയിലിലെ മറ്റൊരാള്‍കൂടി ജയില്‍ ചാടാന്‍ പദ്ധതിയിട്ടതായി വിവരം ലഭിച്ചെന്ന് രഹസ്യാന്വേഷണ റിപോര്‍ട്ടിലുണ്ട്. കഴിഞ്ഞവര്‍ഷം കനത്ത മഴയില്‍ ജയിലിന്റെ കിഴക്കുഭാഗത്തുള്ള മതില്‍ തകര്‍ന്നുവീണിരുന്നു. ഫെന്‍സിങ്ങിലൂടെയുള്ള വൈദ്യുതിവിതരണം അന്ന് നിര്‍ത്തിവെച്ചതാണ്. ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ യഥാസമയം പരിശോധിക്കുന്നുമില്ല. ഗോവിന്ദച്ചാമി തടവുചാടിയതിന്റെ പശ്ചാത്തലത്തില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് മൊഴി രേഖപ്പെടുത്തിയത്.
