കണ്ണൂരിലെ സ്‌ഫോടനത്തിന് പിന്നില്‍ അനൂപ് തന്നെയോ ?

Update: 2025-08-30 03:40 GMT

കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടിലുണ്ടായ സ്ഫോടനം അനൂപ് എന്നയാള്‍ വാടകയ്ക്ക് എടുത്ത വീട്ടില്‍. ശനിയാഴ്ച പുലര്‍ച്ചെ 1.50ഓടെ ഉഗ്ര സ്ഫോടനം കേട്ടുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഗോവിന്ദന്‍ എന്നയാളുടെ വീടാണ് അനൂപ് വാടകയ്ക്ക് എടുത്തിരുന്നത്. 2016 മാര്‍ച്ചില്‍ പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയിലെ ഇരുനില വീട്ടില്‍ നടന്ന സ്‌ഫോടനത്തിന് കാരണമായ അനൂപ് എന്നയാള്‍ തന്നെയാണോ ഇതിന് പിന്നിലെന്നും വ്യക്തമല്ല. അലവില്‍ സ്വദേശിയായ അനൂപാണ് രാജേന്ദ്ര നഗര്‍ കോളനിയിലെ വീട് വാടകയ്ക്ക് എടുത്തിരുന്നത്. അന്നത്തെ സ്‌ഫോടനത്തിലും പരിസരത്തെ ഏതാനും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. അന്നത്തെ സ്‌ഫോടനത്തിന്റെ പ്രകമ്പനം അഞ്ച് കിലോമീറ്റര്‍ ദൂരം വരെയെത്തി. തകര്‍ന്ന വീടിന്റെ ചെങ്കല്‍ ചീളുകള്‍ നൂറുമീറ്ററോളം ദൂരത്തില്‍ തെറിച്ചുവീണു. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും പൂര്‍ണമായും തകര്‍ന്നിരുന്നു. അനധികൃത പടക്കം സൂക്ഷിച്ചതിന് 2009 ലും 2013 ലും വളപട്ടണം പോലീസ് ഇയാളെ പിടികൂടിയിരുന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു.