കണ്ണൂരില്‍ നിര്‍മിക്കുന്നത് മള്‍ട്ടി പര്‍പ്പസ് ഹജ്ജ് ഹൗസ്

Update: 2025-05-08 17:13 GMT

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉയരാന്‍ പോകുന്നത് മള്‍ട്ടി പര്‍പ്പസ് ഹജ്ജ് ഹൗസ്. ഹജ്ജ് കാലത്ത് ഹജ്ജ് യാത്രീകര്‍ക്കും മറ്റു സമയങ്ങളില്‍ നാടിനും നാട്ടുകാര്‍ക്കും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും വിധമുള്ള മള്‍ട്ടി പര്‍പ്പസ് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്ന നിലയിലാണ് ഹജ്ജ് ഹൗസിന് രൂപം നല്‍കിയിട്ടുള്ളത്. അഞ്ചുനിലകളിലായാണ് ഹജ്ജ് ഹൗസ് നിര്‍മിക്കുന്നത്. കിന്‍ഫ്ര വിമാനത്താവളത്തിനായി ഏറ്റെടുത്ത ഭൂമിയില്‍ ഒരേക്കര്‍ സ്ഥലം സര്‍ക്കാര്‍ ഹജ്ജ് ഹൗസ് നിര്‍മിക്കുന്നതിനായി ഇതിനകം തന്നെ കൈമാറിയിട്ടുണ്ട്. ഗ്രൗണ്ട് ഫ്‌ലോറില്‍ വാഹന പാര്‍ക്കിങ്ങിന് സൗകര്യമൊരുക്കും. കൂടാതെ 750 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഇവിടെ നിര്‍മിക്കും.

ഒന്നാംനിലയില്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, ജീവനക്കാര്‍ക്കുള്ള താമസ സൗകര്യം, ടോയ്!ലറ്റ് സൗകര്യം എന്നിവ ഉണ്ടാകും. രണ്ടു പേര്‍ക്ക് താമസിക്കാവുന്ന മൂന്ന് മുറികളാണ് ജീവനക്കാര്‍ക്കായി ഇവിടെ നിര്‍മിക്കുക.

താമസ സൗകര്യമുള്ള ഡോര്‍മെറ്ററി സംവിധാനം, പ്രാര്‍ഥനക്കുള്ള ഹാള്‍ എന്നിവയാണ് രണ്ടാം നിലയില്‍ ഒരുക്കുക. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സൗകര്യം ഇവിയുണ്ടാകും. ഡോര്‍മെറ്ററിയില്‍ ഒരേസമയം 300 പേര്‍ക്ക് താസിക്കാവുന്നതാണ്. ഇതിനായി ഇത്രയും ബെഡ് ഒരുക്കും.

മൂന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാളും നാലും അഞ്ചും നിലകളില്‍ താമസത്തിനുള്ള സൗകര്യവുമാണ് ഒരുക്കുന്നത്. ഹജ്ജുമായി ബന്ധപ്പെട്ട് രണ്ടുമാസമാണ് ഈ സംവിധാനങ്ങള്‍ വിനിയോഗിക്കുക. അതിനുശേഷം മറ്റു കാലയളവില്‍ ജനങ്ങള്‍ക്ക് വാടകക്ക് നല്‍കും.

വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ട് കഴിഞ്ഞാല്‍ അധികം വൈകാതെ തന്നെ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കും. 2026 ജനുവരിയില്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഹജ്ജ് ഹൗസ് നോഡല്‍ ഓഫീസര്‍ എം സി കെ. അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.

15 കോടി രൂപയാണ്ഹജ്ജ് ഹൗസ് നിര്‍മിക്കുന്നതിന് ആവശ്യമായ മതിപ്പ് ചെലവ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ചുകോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ബാക്കി തുക ഹജ്ജ് കമ്മിറ്റി കണ്ടെത്തും.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് കര്‍മ്മത്തിനുള്ള വിശ്വാസികളുമായുള്ള ആദ്യ വിമാനം ഞായറാഴ്ച പുലര്‍ച്ചെ പറന്നുയരും. പുലര്‍ച്ചെ 3.45ന് ഫ്‌ലാഗ് ഓഫ് ചെയ്യുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് നാലിനാണ് പറന്നുയരുക. 11 മുതല്‍ 29 വരെ 29 ഷെഡ്യൂളുകളായാണ് ഹജ്ജ് തീര്‍ഥാടകരുമായി വിമാനം പറക്കുന്നത്. 171 തീര്‍ഥാടകരാണ് ഓരോ തവണയും വിമാനത്തില്‍ ഉണ്ടാകുക.

പുറപ്പെടുന്നതിന്റെ 12 മുതല്‍ 18 മണിക്കുറിനു മുമ്പ് തീര്‍ഥാടകര്‍ ഹജ്ജ് ക്യാമ്പില്‍ എത്തണം. ഡിപാര്‍ച്ചര്‍ ഏരിയയില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടെ വരെ കുടുംബാംഗങ്ങള്‍ക്കും അവരെ അനുഗമിക്കാം. ബാഗേജ് പരിശോധനക്ക് ശേഷം ഹാജിമാരെ പ്രത്യേകം വാഹനത്തില്‍ വളന്റിയര്‍മാര്‍ ഹജ്ജ് ക്യാമ്പിലേക്ക് കൊണ്ടുവരും. ഇവിടെയാണ് ഹാജിമാര്‍ക്ക് വിശ്രമം, നിസ്‌കാരം, പ്രാര്‍ഥന, ഭക്ഷണം എന്നിവക്കുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.