തമിഴ്‌നാട്ടില്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം മല്‍സരിക്കില്ല; ഡിഎംകെ മുന്നണിക്കൊപ്പം പ്രവര്‍ത്തിക്കും

Update: 2026-03-24 16:07 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം(എംഎന്‍എം)മല്‍സരിക്കില്ലെന്നും ഡിഎംകെ മുന്നണിക്കായി പ്രവര്‍ത്തിക്കുമെന്നും അധ്യക്ഷന്‍ കമല്‍ ഹാസന്‍. രണ്ട് സീറ്റുകള്‍ നല്‍കാമെന്ന് ഡിഎംകെ അറിയിച്ചിരുന്നുവെങ്കിലും, ഡിഎംകെയുടെ ചിഹ്നത്തില്‍ മല്‍സരിക്കമമെന്ന നിബന്ധന മക്കള്‍ നീതി മയ്യം അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് ഡിഎംകെ ആസ്ഥാനത്തെത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയാണ് മല്‍സരിക്കാനില്ലെന്ന തീരുമാനത്തിലെത്തിയത്.

പാര്‍ട്ടി രൂപീകരിച്ചതുമുതല്‍ മക്കള്‍ നീതി മയ്യം ഒറ്റക്കായിരുന്നു തമിഴ്നാട്ടില്‍ മല്‍സരിച്ചിരുന്നത്. ഇത്തവണയാണ് എംഎംഎന്‍ ഡിഎംകെ മുന്നണിയിലേക്ക് എത്തിയത്. രാഷ്ട്രീയമെന്നത് സ്വാര്‍ഥ താത്പര്യത്തിനായി ഉപയോഗിക്കുന്നതല്ലെന്നും എല്ലാവരും അങ്ങനെ വേണം രാഷ്ട്രീയപ്രവര്‍ത്തനം നടത്താനെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. മല്‍സരിച്ച് ജയിക്കുകയെന്നതല്ല മറിച്ച് ഡിഎംകെ സഖ്യത്തിനായി പ്രവര്‍ത്തിക്കുക, എല്ലാ മണ്ഡലത്തിലും പ്രവര്‍ത്തകര്‍ പ്രചരണത്തിനിറങ്ങുക എന്നതാണ് വേണ്ടതെന്ന് കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

നാളെയാണ് ഡിഎംഡികെ-ഡിഎംകെ ചര്‍ച്ച നടക്കുക. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് 16 സീറ്റിലും ഡിഎംകെ 13 സീറ്റിലും വിസികെ ഒരു സീറ്റിലും മല്‍സരിക്കാന്‍ ധാരണയായെങ്കിലും തര്‍ക്കം തീര്‍ന്നിട്ടില്ല. ഡിഎംകെക്ക് നല്‍കിയ ഒരു സീറ്റില്‍ കോണ്‍ഗ്രസും പത്രിക നല്‍കി. സിപിഎം, സിപിഐ പാര്‍ട്ടികള്‍ക്ക് ഇത്തവണ സീറ്റുകള്‍ നല്‍കിയിട്ടില്ല.

Tags: