കളര്‍കോട് വാഹനാപകടം; വാഹന ഉടമയ്ക്കെതിരേ കേസ്

Update: 2024-12-05 06:04 GMT

ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ കളര്‍കോട് വാഹനാപകടത്തില്‍ വാഹന ഉടമയ്ക്കെതിരെ കേസെടുക്കും. വാഹനം നല്‍കിയത് വാടകയ്ക്കാണെന്ന് വ്യക്തമായതിനേ തുടര്‍ന്നാണ് നടപടി. അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന ഗൗരി ശങ്കര്‍ വാഹന ഉടമയായ ഷാമില്‍ ഖാന് 1,000 രൂപ ഗൂഗിള്‍ പേ ചെയ്തുകൊടുത്തതിന്റെ തെളിവ് പൊലിസിന് ലഭിച്ചു.

എന്നാല്‍ വാടകക്കല്ല കാര്‍ നല്‍കിയതെന്നും. വിദ്യാര്‍ഥികളോടുള്ള പരിചയത്തിന്റെയും അടുപ്പത്തിന്റെയും പുറത്താണ് വണ്ടി നല്‍കിയതെന്നായിരുന്നു ഷാമില്‍ ഖാന്‍ പറഞ്ഞിരുന്നത്. വാഹനം വാടകയ്ക്ക് നല്‍കുന്നതിനുള്ള ലൈസന്‍സും ഷാമില്‍ ഖാന് ഇല്ല. ഈ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ് നടപടിക്കൊരുങ്ങുന്നത്. അതേ സമയം വണ്ടിയില്‍ ആറു പേരാണ് ഉണ്ടാവുക എന്നാണ് തന്നോട് വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നതെന്നും ഷാമില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പോലിസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കി. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 പ്രകാരമാണ് കേസ്.

കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ആലപ്പുഴ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹീം, പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ആയുഷ് രാജ്, ദേവാനന്ദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.








Tags: