കല്‍ക്കണ്ടം എംഡിഎംഎയെന്ന് കരുതി യുവാക്കളെ 151 ദിവസം ജയിലില്‍ അടച്ചു; സംഭവം ഡിജിപി അന്വേഷിക്കും

Update: 2025-05-30 02:59 GMT

കോഴിക്കോട്: കല്‍ക്കണ്ടം എംഡിഎംഎ ആണെന്ന് 'തെറ്റിധരിച്ച്' രണ്ടു പേരെ ജയിലില്‍ അടച്ച സംഭവം ഡിജിപി അന്വേഷിക്കും. ബസ് െ്രെഡവറായ രാജപുരം മാലക്കല്ല് പതിനെട്ടാം മൈല്‍ ചെരമ്പച്ചാല്‍ സ്വദേശി ബിജു മാത്യു (49), സുഹൃത്തും ലോറി െ്രെഡവറുമായ മണികണ്ഠന്‍(46) എന്നിവരാണ് അന്യായമായി ജയിലില്‍ അടയ്ക്കപ്പെട്ടത്. 2024 നവംബര്‍ 26നാണ് കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്ലും ഡാന്‍സാഫ് ടീമും പോലിസും ചേര്‍ന്ന് ഇവരില്‍ നിന്ന് കല്‍ക്കണ്ടം പിടികൂടിയത്.

മംഗളൂരില്‍ നിന്ന് ലോഡുമായി വരുമ്പോള്‍ വഴിയില്‍ വെച്ച് മണികണ്ഠന്‍ തന്റെ കുഞ്ഞിന് വേണ്ടി വാങ്ങിയ കല്‍ക്കണ്ടം പോക്കറ്റിലിട്ടിരുന്നു. ഇത് എംഡിഎംഎയാണെന്ന് പറഞ്ഞ് പോലിസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനിടയില്‍ ഇത് കല്‍ക്കണ്ടമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പോലിസ് വിശ്വസിച്ചില്ല. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജഡ്ജിയോട് ഇക്കാര്യം പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല.

60 ഗ്രാം എംഡിഎംഎ കൈവശം വെച്ചുവെന്നായിരുന്നു കേസ്. ലഹരിക്കേസായതിനാല്‍ ബന്ധുക്കളോ സുഹൃത്തുക്കളോ തിരിഞ്ഞു നോക്കാത്തതിനാല്‍ കോടതി തന്നെയാണ് അഭിഭാഷകനെ വച്ചു നല്‍കിയത്. ഇതിനിടയിലാണ് രാസപരിശോധന ഫലം പുറത്ത് വന്നത്. റിപോര്‍ട്ട് വന്നതോടെ നിരപരാധികളായ ഇവരെ കേസില്‍ നിന്ന് കേസ് ഒഴിവാക്കി വിട്ടയച്ചു. പക്ഷേ, 151 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു. സംഭവത്തില്‍ പോലിസിന്റെ വീഴ്ച്ച ഡിജിപി അന്വേഷിക്കും. പോലിസിന് വീഴ്ച ഉണ്ടായെന്ന് കാട്ടി ബിജുവും മണികണ്ഠനും നല്‍കിയ പരാതിയിലാണ് നടപടി.