''കളമശേരി പോളിയില്‍ ഹോളി ആഘോഷത്തിന് മുമ്പ് ലഹരി ഉപയോഗം ഉണ്ടാകും'' പോലിസിന് മുന്നറിയിപ്പ് നല്‍കിയത് പ്രിന്‍സിപ്പല്‍
കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളജിലെ ഹോസ്റ്റലില്‍ കഞ്ചാവ് ഇടപാടുണ്ടെന്ന വിവരം പോലിസിനെ അറിയിച്ചത് പ്രിന്‍സിപ്പല്‍. ഹോളി ദിവസം ഹോസ്റ്റലില്‍ ലഹരിമരുന്ന് ഉപയോഗമുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍ കൊച്ചി ഡിസിപിക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പ് പുറത്തുവന്നു. കാംപസിന് അകത്തും പുറത്തും നിരീക്ഷണം ശക്തമാക്കണമെന്ന് പ്രിന്‍സിപ്പല്‍ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ബുധനാഴ്ചയാണ് പ്രിന്‍സിപ്പല്‍ ഡോ. ഐജു തോമസ് പോലിസിന് കത്തുനല്‍കിയത്. വെള്ളിയാഴ്ച ഉച്ചമുതല്‍ ഹോളി ആഘോഷിക്കുവാന്‍ കോളേജിലെ വിദ്യാര്‍ഥികള്‍ തീരുമാനിച്ചതായി കത്തില്‍ പറയുന്നു. മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിപദാര്‍ഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗമുണ്ടാകുമെന്ന് വിശ്വസനീയമായ ഉറവിടങ്ങളില്‍നിന്ന് വിവരമുണ്ട്. വിദ്യാര്‍ഥികള്‍ പണപ്പിരിവ് നടത്തുന്നുണ്ട്. അതിനാല്‍ കാംപസിനുള്ളില്‍ പോലിസ് സാന്നിധ്യമുണ്ടാവണം. നിരീക്ഷണം ശക്തമാക്കണം. കാംപസിന് പുറത്തും ഹോസ്റ്റല്‍ കേന്ദ്രീകരിച്ചും ലഹരി ഉപയോഗത്തിനെതിരെ ഇടപെടല്‍ നടത്തണമെന്നുമാണ് കത്തിലെ ഉള്ളടക്കം.
ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹോളി ആഘോഷത്തിന് വിദ്യാര്‍ഥികള്‍ വാട്ട്‌സാപ്പ് ഗ്രൂപ്പ് നിര്‍മിച്ചതായി പോലിസ് കണ്ടെത്തി. ഒരു വിദ്യാര്‍ഥിയുടെ സഹായത്തോടെ പോലിസുകാരും ഗ്രൂപ്പില്‍ ചേര്‍ന്നു. അഞ്ചുഗ്രാമിന്റെ പൊതിക്ക് 500 രൂപ തുടങ്ങിയ പരസ്യങ്ങള്‍ ഗ്രൂപ്പില്‍ വന്നു. മുന്‍പും കഞ്ചാവ് വലിച്ചിട്ടുള്ളവര്‍ ഷെയര്‍ ഇടാന്‍ തുടങ്ങി. എപ്പോള്‍ ഏതുമുറിയില്‍ കഞ്ചാവ് എത്തും എന്നുവരെയുള്ള വിവരങ്ങള്‍ ഗ്രൂപ്പില്‍ നിന്നും പോലിസിന് ലഭിച്ചു. കഞ്ചാവുപൊതി എവിടെനിന്ന് എങ്ങനെയെത്തുന്നു എന്ന വിവരം ലഭിക്കാത്തതിനാല്‍ കോളജ് കാംപസിലേക്ക് കഞ്ചാവ് എത്താനായി പോലീസ് കാത്തിരുന്നു. ഒടുവില്‍ 'ജി 11' മുറിയില്‍ കഞ്ചാവ് വന്നെന്നുള്ള വിവരം വ്യാഴാഴ്ചയോടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വരുന്നു. ആ മുറിയിലെ താമസക്കാരനായ എം ആകാശാണ് രണ്ടുകിലോയോളം വരുന്ന പൊതി സൂക്ഷിക്കുന്നതെന്നും ചില്ലറ വില്‍പ്പന നടത്തുന്നതെന്നും പോലീസിന് വിവരം ലഭിക്കുന്നു. ഈ വിവരങ്ങളടക്കം സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘം പോലിസിന്റെ ഡാന്‍സാഫ് സംഘത്തിന് കൈമാറുകയായിരുന്നു.
1.9 കിലോ കഞ്ചാവുമായി പിടിയിലായ ആകാശിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൂര്‍വ വിദ്യാര്‍ഥികളായ ആഷിക്കിനെയും ശാരിക്കിനെയും പോലിസ് അറസ്റ്റ് ചെയ്തു. ആഷിക്കാണ് ആകാശിന് കഞ്ചാവ് കൈമാറിയത്. വ്യാഴാഴ്ച 8 മണിയോടെയാണ് ആഷിക്ക് കഞ്ചാവ് കൈമാറിയത്. കോളജിന് പുറത്തുള്ളവരാണ് കഞ്ചാവ് എത്തിച്ചതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പൂര്‍വ്വ വിദ്യാര്‍ഥികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കേസില്‍ പിടിയിലായ മൂന്ന് വിദ്യാര്‍ഥികളില്‍ കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജ്, ആദിത്യന്‍ എന്നിവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

