കളമശ്ശേരി മാര്‍ത്തോമാ ഭവന്‍ ആശ്രമഭൂമിയുമായി ബന്ധപ്പെട്ട നിയമ തര്‍ക്കം: കോടതി നടപടികള്‍ വേഗത്തിലാക്കണമെന്ന് എസ്ഡിപിഐ
കൊച്ചി: കളമശ്ശേരി മാര്‍ത്തോമാഭവന്‍ ആശ്രമത്തിന്റെ ഭൂമിയുമായി ബന്ധപ്പെട്ട നിയമ തര്‍ക്കത്തില്‍ കോടതി നടപടികള്‍ വേഗത്തിലാക്കണമെന്നും വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ തടയണമെന്നും എസ്ഡിപിഐ കളമശ്ശേരി മണ്ഡലം പ്രസിഡന്റ് സാദിഖ് ഏലൂക്കര ആവശ്യപ്പെട്ടു. മാര്‍ത്തോമഭവന്‍ ആശ്രമം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമപരമായി കൈകാര്യം ചെയ്യേണ്ട വിഷയമാണ് ഇത്. അര്‍ധരാത്രിയില്‍ ആശ്രമത്തിന്റെ ചുറ്റുമതില്‍ തകര്‍ത്തതും താല്‍ക്കാലിക കെട്ടിടങ്ങള്‍ സ്ഥാപിച്ചതും ന്യായീകരിക്കാന്‍ കഴിയില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായോ മുസ്‌ലിം സംഘടനകളുമായോ ബന്ധമില്ലാത്ത സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള കാസയുടെയും സംഘപരിവാര സംഘടനകളുടെയും കുതന്ത്രങ്ങളെ മതേതരസമൂഹം തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്ഡിപിഐ ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ എം ലത്തിഫ്, ജില്ലാ കമ്മിറ്റിയംഗം അലോഷ്യസ് കൊളന്നൂര്‍, മണ്ഡലം ജോ.സെക്രട്ടറി കെ എ അഷ്‌കര്‍, മുന്‍സിപ്പല്‍ പ്രസിഡന്റ് സുബൈര്‍, ഷാനവാസ് ചാലില്‍ തുടങ്ങിയവര്‍ മാര്‍ത്തോമഭവന്‍ ആശ്രമം സന്ദര്‍ശിച്ചു.