കൊച്ചി: മിമിക്രി കലാകാരനും നടനുമായ കലാഭവന്‍ നവാസിന്റെ മരണത്തില്‍ പോലിസ് കേസെടുത്തു. കളമശ്ശേരി മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ നവാസിന് രണ്ട് ദിവസത്തെ ഇടവേളയായിരുന്നു. ഈ ഗ്യാപ്പില്‍ വീട്ടില്‍ പോയി വരാമെന്ന് സഹപ്രവര്‍ത്തകരോട് പറഞ്ഞ് ഹോട്ടല്‍ മുറിയിലേക്ക് പോയതാണ് നവാസ്. റൂം ചെക്കൗട്ടാണെന്ന് ഹോട്ടല്‍ ജീവനക്കാരെ നേരത്തെ തന്നെ അറിയിച്ചിരുന്നു. മുറിയിലേക്ക് പോയി മണിക്കൂര്‍ ഒന്ന് കഴിഞ്ഞിട്ടും മടങ്ങിവരാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ നവാസിനെ തിരക്കി. മുറി തുറന്നപ്പോള്‍ വാതിലിനോട് ചേര്‍ന്ന് നവാസ് താഴെ വീണ് കിടക്കുകയായിരുന്നു. ജീവനുണ്ടെന്ന് ഉറപ്പിച്ച ജീവനക്കാര്‍ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരണകാരണം ഹൃദയാഘാതമെന്നാണ് സൂചന. പോസ്റ്റുമോര്‍ട്ടത്തിലൂടെ ഇത് സ്ഥിരീകരിക്കാനാകും. അസ്വാഭാവികമായി മറ്റൊന്നും കണ്ടെത്താനായിട്ടിലെന്ന് ചോറ്റാനിക്കര പോലിസ് വ്യക്തമാക്കി. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം നാല് മണി മുതല്‍ അഞ്ചര വരെ പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരിക്കും ഖബറടക്കം