ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് പരാതി: മുസ് ലിം ബാലനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു; കട പൊളിച്ചു മാറ്റി
മുംബൈ: കഴിഞ്ഞ ഞായറാഴ്ച ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മൽസരത്തിനിടെ "ദേശവിരുദ്ധ" മുദ്രാവാക്യം വിളിച്ചതായി ആരോപിച്ച് മുസ് ലിം ബാലനെയും അവൻ്റെ മാതാപിതാക്കളെയും പോലിസ് അറസ്റ്റ് ചെയ്തതായി ദ ഇന്ത്യൻ എക്സ്പ്രസ്സ് റിപോർട്ട് ചെയ്തു. പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലിസ് പറഞ്ഞു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ മാൽവാനിലാണ് സംഭവം. 15 വയസ്സുള്ള ഒരു ആൺകുട്ടിയെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തതിനു പുറമെ, അവരുടെ കട പൊളിച്ചുമാറ്റുകയും ചെയ്തു.
മൽസരം നടക്കുമ്പോൾ രാത്രി 9.30 ഓടെ കുടുംബത്തിന്റെ വീടിനടുത്തുകൂടി കടന്നുപോകുകയായിരുന്ന ഒരാൾ, കുട്ടി "ദേശവിരുദ്ധ" മുദ്രാവാക്യങ്ങൾ വിളിക്കുന്നത് കേട്ടതായി ആരോപിച്ച് പോലിസിൽ പരാതി നൽകിയതായി സിന്ധുദുർഗ് പോലിസ് സൂപ്രണ്ട് സൗരഭ് അഗർവാൾ പറഞ്ഞു. വഴിയാത്രക്കാരനും അയൽക്കാരും കുടുംബത്തെ ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുകൂട്ടരും തമ്മിലുള്ള സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങിയെന്നാണ് എസ്പി പറയുന്നത്. "ഒരു പ്രദേശവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ആൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ, ഞങ്ങൾ അവനെ ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചു": എസ്പി അഗർവാൾ പറഞ്ഞു.
ഞായറാഴ്ചയാണ് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 196 (മതത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 197 (ദേശീയോദ്ഗ്രഥനത്തിന് വിരുദ്ധമായ പ്രസ്താവനകൾ), 3 (5) (പൊതു ഉദ്ദേശ്യത്തോടെ നിരവധി വ്യക്തികൾ സംഘം ചേർന്നു ചെയ്ത പ്രവൃത്തികൾ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്.
തിങ്കളാഴ്ച, തുടർനടപടി ആവശ്യപ്പെട്ട് കുടുംബത്തിനെതിരേ പ്രദേശവാസികൾ മോട്ടോർ സൈക്കിൾ റാലി നടത്തി. ഉത്തർപ്രദേശിൽനിന്നുള്ള ഈ കുടുംബം 15 വർഷം മുമ്പാണ് മാൽവാനിലേക്ക് താമസം മാറിയത്.
അറസ്റ്റിനു ശേഷം മാൽവാൻ മുനിസിപ്പൽ കൗൺസിൽ കുട്ടിയുടെ കുടുംബത്തിൻ്റെ സ്ക്രാപ്പ് കട പൊളിച്ചുമാറ്റുകയായിരുന്നു. അതിനിടയിൽ, കടയ്ക്ക് അനുമതിയില്ല എന്ന കാരണം പറഞ്ഞ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തുവെന്ന് പോലിസ് പറഞ്ഞു.
ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയുടെ എംഎൽഎയും മുൻ കേന്ദ്രമന്ത്രി നാരായൺ റാണെയുടെ മകനുമായ നിലേഷ് റാണെ , എക്‌സിൽ കുറിച്ചത് " ആക്രി കച്ചവടക്കാരൻ ഇന്ത്യാ വിരുദ്ധ പരാമർശങ്ങൾ നടത്തി " എന്നാണ്.
"അവനെ ജില്ലയിൽനിന്ന് പുറത്താക്കുമെന്ന് ഉറപ്പാക്കും" എന്നു വാഗ്ദാനം ചെയ്തുകൊണ്ട് റാണെ പറഞ്ഞു: "ഇപ്പോൾ നമ്മൾ അവന്റെ സ്ക്രാപ്പ് ബിസിനസ്സ് നശിപ്പിച്ചു".
കട പൊളിക്കൽ നടപടികളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട്, "ഉടനടി നടപടി" സ്വീകരിച്ചതിന് മാൽവൻ മുനിസിപ്പൽ കൗൺസിലിനും പോലിസിനും റാണെ നന്ദിയും പറഞ്ഞു.
പലതവണ ശ്രമിച്ചിട്ടും, പൊളിക്കൽ നടപടിയെക്കുറിച്ച് അഭിപ്രായം പറയാൻ സിന്ധുദുർഗ് ജില്ലാ കളക്ടറെ ലഭ്യമായില്ലെന്ന് ദ ഇൻഡ്യൻ എക്സ്പ്രസ്സ് പറയുന്നു.

