നിയമസഭയില്‍ മല്‍സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചു; കെ സുധാകരന്‍
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി. എന്നാല്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും തന്റെ ആഗ്രഹം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും കെ സുധാകരന്‍ പറഞ്ഞു. മല്‍സരിക്കുമെന്ന് സ്വയം പറയുന്നത് അധികപ്പറ്റാണ്. എംപിമാര്‍ മല്‍സരിക്കേണ്ട എന്ന തീരുമാനം കോണ്‍ഗ്രസിലില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ മല്‍സരിക്കുമോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. മല്‍സരിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കും. ഹൈക്കമാന്‍ഡിനോട് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. സ്വയം മല്‍സരിക്കുമെന്ന് പറയുന്നത് അധികപറ്റാണ്. എംപിമാര്‍ മല്‍സരിക്കേണ്ടതില്ലെന്ന നിലപാട് പാര്‍ട്ടി എടുത്തിട്ടില്ല. വി ഡി സതീശന്റെ പരിപാടിയില്‍ നിന്ന് ഞാന്‍ വിട്ടുനിന്നിട്ടില്ല. കാസര്‍കോട് പുതുയുഗ യാത്രാ വേദിയില്‍ നിന്ന് പോയത് അത്രയും നേതാക്കള്‍ അവിടെ ഉണ്ടായിരുന്നതിനാലാണ്. തനിക്ക് പോകേണ്ട അത്യാവശ്യം ഉണ്ടായിരുന്നു. ഒരു രാഷ്ട്രീയ കേസുമായി ബന്ധപ്പെട്ട് കേസിന്റെ ഭാഗമായി എറണാകുളത്ത് പോകേണ്ടി വന്നതു കൊണ്ടാണ് കണ്ണൂരിലും വരാതിരുന്നത്' കെ സുധാകരന്‍ പറഞ്ഞു.
നിയമസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടികയില്‍ തന്റെ പേരുണ്ടാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് സുധാകരന്‍. അദ്ദേഹത്തിന്റെ പ്രതികരണം നല്‍കുന്ന സൂചനയും ഇതാണ്. സ്ഥാനാര്‍ഥി പട്ടികയില്‍ പാര്‍ട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ കണ്ണൂരില്‍ മല്‍സരിക്കാന്‍ താനുണ്ടാകുമെന്ന് തന്നെയാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. പയ്യന്നൂരില്‍ ഫണ്ടുവെട്ടിപ്പ് ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് സിപിഎമ്മില്‍നിന്നു പുറത്താക്കപ്പെട്ട വി കുഞ്ഞിക്കൃഷ്ണന്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ സ്വീകരിക്കും. അവരുടെ പശ്ചാത്തലം പരിശോധിച്ച് തീരുമാനിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
